ലോഗനും കോഴിക്കോട്ടെ വിഷുപ്പടക്കവും


വരാനിരിക്കുന്നൊരു വർഷത്തെ സകല ഐശ്വര്യങ്ങളെയും നാം വരവേൽക്കുകയാണ്‌ വിഷു ദിനത്തിൽ. കണിക്കൊന്നയും കണിവെള്ളരിയും പുത്തനുടുപ്പുമൊക്കെയാണ്‌ വിഷുവിന്റെ അടയാളങ്ങളായി നാം കാണുന്നതെങ്കിലും എല്ലാറ്റിനുമുപരി പടക്കം തന്നെയാണ്‌ മനസ്സിൽ പച്ച പിടിച്ചുനിൽക്കുക. മുതിർന്ന തലമുറയ്‌ക്ക്‌ ഒട്ടേറെ ഗൃഹാതുരത്വം സമ്മാനിക്കുന്നുണ്ട്‌ പണ്ടുകാലത്തെ വിഷു ഓർമകൾ. അത്തരം ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത്‌ കൈനീട്ടവും പടക്കവും തന്നെ. രണ്ടിനും തമ്മിൽ ഒരാത്മബന്ധമുണ്ടെന്നതാണ്‌ വാസ്‌തവം. പ്രത്യേകിച്ചും ബാല്യത്തിന്‌ സമ്പന്നതയൊന്നും അവകാശപ്പെടാനില്ലാതിരുന്ന പഴയ കാലത്ത്‌ കൈനീട്ടമായിരുന്നു കുറച്ചു ദിവസത്തേക്കെങ്കിലും കുട്ടികളെ ധനികരാക്കിയിരുന്നത്‌. വിസ്‌തൃതിയാർന്ന തൊടികളിലെ, ചുറ്റുമതിലും ഗേറ്റുമില്ലാത്ത വീടുകളിലേക്ക്‌ ചിരിക്കുന്ന മുഖവുമായി ഒട്ടേറെ ബന്ധുജനങ്ങൾ കടന്നുവന്നിരുന്നു. കൊച്ചുകൈകളിൽ കൈനീട്ടവും മനസ്സിൽ സ്‌നേഹവും ആവോളം സമ്മാനിച്ചു ഇക്കൂട്ടർ. കൈനീട്ടമായിരുന്നു കുട്ടികളുടെ സ്വകാര്യ സമ്പത്ത്‌. അതുകൊണ്ടവർ പടക്കം വാങ്ങിച്ചു. കൊച്ചുകൊച്ചാവശ്യങ്ങൾ നിറവേറ്റി.

അക്കാലത്തെ പടക്കങ്ങൾക്കുമുണ്ടായിരുന്നു ഒരു ലാളിത്യം. ഏറുപടക്കം, പൊട്ടാസ്‌, കമ്പിത്തിരി, മത്താപ്പൂ ഇങ്ങനെ പോകുന്നു ആ പട്ടിക. വെറിയന്മാരായ ചില കാരണവന്മാരുടെ പുറകിൽ ഏറുപടക്കം എറിഞ്ഞുപൊട്ടിക്കുന്നത്‌ ചല കുസൃതികളുടെ വിനോദമായിരുന്നു. മാലപ്പടക്കത്തിലെ സിംഹത്തിന്റെ പടമുള്ള ലേബലുകൾ സ്വന്തമാക്കാൻ അക്കാലത്ത്‌ കുട്ടികൾ മത്സരിച്ചിരുന്നു. വിഷുപ്പിറ്റേന്ന്‌ മുറ്റം നിറയെ നക്ഷത്രക്കൂട്ടങ്ങളെ വിസ്‌മയിപ്പിക്കുമാറ്‌ ചിതറിക്കിടക്കുന്ന പടക്കാവശിഷ്‌ടങ്ങളിൽനിന്ന്‌ പൊട്ടാത്തതോ ചീറ്റിപ്പോയതോ ആയ പടക്കങ്ങൾ അതിരാവിലെ എണീറ്റ്‌ ശേഖരിക്കുമായിരുന്നു.

കാലം കടന്നുപോയപ്പോൾ ആഘോഷങ്ങളുടെ തിളക്കവും മങ്ങി. ബാല്യത്തിന്‌ സമ്പന്നത കൈവന്നു. തൊടികൾക്ക്‌ വിസ്‌തൃതി നഷ്‌ടപ്പെട്ടു. വീടിന്‌ ചുറ്റുമതിലും ഗേറ്റും വന്നുവെങ്കിലും പടി കടന്നെത്തുവാൻ ബന്ധുക്കൾ വിരളമായി. അഥവാ കടന്നുവന്നാൽത്തന്നെ കമ്പ്യൂട്ടറിന്റെയോ ടിവിയുടെയോ മുന്നിലിരിക്കുന്ന കുട്ടികൾ ‘ഹായ്‌’ മാത്രം പറഞ്ഞുപോകുമ്പോൾ ‘ബൈ ബൈ’യും.

കോഴിക്കോടിന്റെ പടക്ക വിപണിയെ തകിടം മറിച്ചത്‌ മിഠായിത്തെരുവിലെ അഗ്നിബാധയാണല്ലോ. അന്വേഷണ ഉദ്യോഗസ്ഥരിപ്പോഴും അന്വേഷണം തുടരുകയാണത്രേ. ഈ അനിഷ്‌ട സംഭവത്തെത്തുടർന്ന്‌ പടക്ക വിൽപ്പന സ്വപ്‌നഗരിയിലേക്ക്‌ മാറ്റി. കാലിച്ചന്തയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലൊരു പടക്കച്ചന്ത. വിജയിക്കാത്തതിനാലായിരിക്കണം നിർദേശങ്ങൾ കർശനമായി പാലിക്കുന്ന പക്ഷം സ്ഥാപനങ്ങളിൽനിന്നുതന്നെ കച്ചവടമാകാം എന്ന തീരുമാനത്തിൽ ഭരണാധികാരികൾ എത്തിച്ചേർന്നത്‌. ഭരണാധികാരികളുടെ ഇത്തരം ഇടപെടലുകൾക്ക്‌ ചരിത്രത്തിലും ഉദാഹരണങ്ങൾ കാണാം.

1885 ഏപ്രിൽ മാസത്തിന്റെ തുടക്കത്തിലാണ്‌ ഡിസ്‌ട്രിക്‌ട്‌ മജിസ്‌ട്രേട്ടായിരുന്ന  വില്യം ലോഗന്‌ ഒരു വിവരം കിട്ടുന്നത്‌. കോഴിക്കോട്‌ നഗരത്തിലെ ചില പടക്കക്കടകളിൽനിന്ന്‌ വെടിമരുന്നുകൊണ്ട്‌ ഉണ്ടാക്കിയ അതിശക്തമായ പടക്കങ്ങൾ വിൽക്കുന്നുവെന്നതായിരുന്നു ആ വിവരം. വില്യം ലോഗനാകട്ടെ, വിവരം കിട്ടിയ ഉടൻ ഇതിനെക്കുറിച്ച്‌ അന്വേഷിക്കാൻ ടൗൺ ഇൻസ്‌പെക്‌ടറോട്‌ കർക്കശമായി നിർദേശിച്ചു.  ടൗൺ ഇൻസ്‌പെക്‌ടറും കോൺസ്‌റ്റബിൾമാരും കോഴിക്കോട്‌ നഗരത്തിലെയും പരിസര പ്രദേശത്തെയും പടക്കക്കടകൾ അരിച്ചുപെറുക്കി. പരിശോധനയ്‌ക്കുശേഷം ഏപ്രിൽ 13ന്‌ ഇൻസ്‌പെക്‌ടർ, വില്യം ലോഗന്‌ ഇങ്ങനെയൊരു എഴുത്തയച്ചു: ‘ താങ്കൾ ആവശ്യപ്പെട്ട പ്രകാരം ഞാൻ കോഴിക്കോട്ടെ പടക്കക്കടകളെല്ലാം അരിച്ചുപെറുക്കി പരിശോധിക്കുകയുണ്ടായി. മാത്രമല്ല, വെടിമരുന്നിനെക്കുറിച്ചും പടക്കനിർമാണത്തെക്കുറിച്ചും സമഗ്രമായി പഠിക്കുകയും ചെയ്‌തു.(ഇന്നത്തെ പൊലീസല്ലെന്ന്‌ ഓർക്കുക). എന്റെ അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കിയത്‌ പടക്കനിർമാണത്തിന്‌ അതിശക്തമായ വെടിമരുന്നൊന്നും ഉപയോഗിക്കുന്നില്ല എന്നതാണ്‌. കോഴിക്കോട്ടുകാർ വെടിമരുന്നുപയോഗിക്കുന്ന ‘കതിനകൾ’ അമ്പലപ്പറമ്പിൽ മാത്രമേ ഉപയോഗിക്കുന്നുള്ളു. വിഷുവിന്‌ കതിനകൾ ഉപയോഗിക്കുന്നില്ല എന്നെനിക്ക്‌ ഉറപ്പിച്ചുപറയാൻ കഴിയും. എന്നാലിവർ ‘ആനപ്പടക്കം’ എന്നു വിളിക്കുന്ന  വലിയ ഓലപ്പടക്കം വിഷുവിന്‌ ഉപയോഗിക്കുന്നുണ്ട്‌. എന്റെ അഭിപ്രായത്തിൽ ആനപ്പടക്കം അത്ര വലിയ അപകടകാരിയൊന്നുമല്ല. എന്നാൽ കഴിഞ്ഞവർഷം വെടിമരുന്ന്‌ ധാരാളമുപയോഗിച്ച്‌ പടക്കങ്ങൾ നിർമിച്ചതായി എന്റെ രണ്ട്‌ കോൺസ്‌റ്റബിൾമാർ വിവരം തന്നിരിക്കുന്നു. താങ്കൾ വലിയ ശബ്‌ദത്തിൽ പൊട്ടിത്തെറി കേട്ടു എന്നു പറയുന്നത്‌ ആനപ്പടക്കം എന്ന ഓലപ്പടക്കം തന്നെയാവാനാണ്‌ സാധ്യത’.

1885 ഏപ്രിൽ മാസം 25ന്‌ ഡിസ്‌ട്രിക്‌ട്‌ മജിസ്‌ട്രേട്ട്‌ വില്യം ലോഗൻ ഇങ്ങനെ രേഖപ്പെടുത്തി: ‘എന്റെ പൂർണമായ വിശ്വാസം കോഴിക്കോട്ടങ്ങാടിയിൽ വിൽക്കുന്ന പടക്കങ്ങളിൽ വെടിമരുന്ന്‌ ക്രമാതീതമായി ഉണ്ടെന്നാണ്‌. മലബാറിൽ കുറഞ്ഞ തോതിലേ പടക്കങ്ങൾ നിർമിക്കുന്നുള്ളു. ഭൂരിഭാഗവും പുറംനാടുകളിൽനിന്നും വരുന്നതാണ്‌. കോഴിക്കോട്ട്‌ വിഷുവിനാണ്‌ ഏറ്റവും കൂടുതൽ പടക്കങ്ങൾ വിൽക്കപ്പെടുന്നത്‌. മറ്റു വിശേഷ ദിവസങ്ങളിൽ ചെറിയ തോതിൽ മാത്രമേ വിൽപ്പന നടക്കുന്നുള്ളു. ഇതുവരെയായി ഞാനീ പടക്കങ്ങൾ നിരോധിക്കാതിരിക്കുവാൻ കാരണം, ഇതിനെ ഒരു വിനോദോപാധിയായി മാത്രം കണ്ടതിനാലാണ്‌. എന്നാൽ വെടിമരുന്ന്‌ ധാരാളമായി ഉപയോഗിക്കുന്നപക്ഷം പടക്ക വിൽപ്പനയിൽ ഒരു നിയന്ത്രണം ഏർപെടുത്തേണ്ടതായിട്ടുണ്ട്‌.’

ഈ തോന്നലുകളിൽ നിന്നായിരിക്കാം അദ്ദേഹം ചില തീരുമാനങ്ങൾ കൈക്കൊണ്ടത്‌. ഏപ്രിൽ 28ന്‌ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി: ‘കഴിഞ്ഞ വിഷുവിന്‌ കോഴിക്കോട്ടങ്ങാടിയിൽ പടക്കം ധാരാളം വിറ്റതായും ആയത്‌ എല്ലാ ജനങ്ങളും ഉപയോഗപ്പെടുത്തിയതായും നാം മനസ്സിലാക്കുന്നു. പ്രസ്‌തുത പടക്കങ്ങളിൽ ധാരാളമായി വെടിമരുന്നുള്ളതായും നമുക്ക്‌ രഹസ്യപ്പൊലീസിൽ നിന്ന്‌ വിവരം കിട്ടിയിരിക്കുന്നു. എന്നാൽ പടക്കങ്ങളും വെടിമരുന്ന്‌ കൊണ്ടുണ്ടാക്കപ്പെടുന്ന മറ്റു സാധനങ്ങളും വിശേഷ ദിവസങ്ങളിൽ ജനം ഉപയോഗപ്പെടുത്തുന്നതിൽ വിരോധമുള്ളതല്ല. എന്നാൽ വെടിമരുന്നുകൊണ്ടുണ്ടാക്കപ്പെടുന്ന സാധനങ്ങൾ ലൈസൻസ്‌ പ്രകാരം വെടിമരുന്ന്‌ വിൽക്കുന്ന പീടികകളിൽവെച്ച്‌ മാത്രമേ ന്യായമായി വിൽക്കാൻ പാടുള്ളു. വെടിമരുന്ന്‌ കൈവശം വെക്കുവാൻ ലൈസൻസൻസുള്ള ആളുകൾക്കുമാത്രമേ വെടിമരുന്നുകൊണ്ടുള്ള പടക്കങ്ങൾ ഉണ്ടാക്കുവാനും പാടുള്ളു. കോഴിക്കോട്ടുള്ള ജനങ്ങൾ ശ്രദ്ധിക്കേണ്ടത്‌ ലൈസൻസുള്ള കടകളിൽനിന്നുമാത്രമേ പടക്കങ്ങൾ വാങ്ങിക്കാവൂ എന്നാണ്‌’. പ്രസ്‌തുത തീരുമാനത്തിന്റെ 150 പകർപ്പുകൾ ടൗൺ ഇൻസ്‌പെക്‌ടർ മലബാറിലെ കച്ചവടക്കാർക്കായി അയച്ചുകൊടുത്തതായി രേഖകളിൽനിന്ന്‌ മനസ്സിലാക്കാം. ചുരുക്കത്തിൽ പടക്ക നിർമാണത്തെയും ഉപയോഗത്തെയും കുറിച്ചുള്ള ആശങ്കകളും വ്യാകുലതകളും എക്കാലത്തെയും ഭരണാധികാരകൾ അനുഭവിച്ചിരുന്നു എന്നർഥം.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *