യുഎൽസിസിഎസ് സെന്റിനറി എൽപി സ്കൂൾ ഉദ്ഘാടനം 28ന്

സാംസ്കാരിക പ്രമുഖർ വിദ്യാദീപം തെളിക്കും

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിസ്മാരകമായി യുഎൽസിസിഎസ് സെന്റിനറി എൽപി സ്കൂൾ സാഹിത്യ-കലാ-സാംസ്കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖർ ചേർന്ന്  ഫെബ്രുവരി 28 ന് നാടിനു സമർപ്പിക്കും. വിദ്യാദീപങ്ങൾ തെളിയിച്ചാണ് ഉദ്ഘാടനം. അടച്ചുപൂട്ടൽ ഒഴിവാക്കാനായി സൊസൈറ്റി ഏറ്റെടുത്ത 131 കൊല്ലത്തെ പാരമ്പര്യമുള്ള മുട്ടുങ്ങൽ എൽപി സ്കൂളാണ് സ്വന്തം സ്ഥലവും കെട്ടിടവുമായി പുതിയ രൂപഭാവങ്ങളോടെ യുഎൽസിസിഎസ് സെന്റിനറി എൽപി സ്കൂളായി പുനർജനിക്കുന്നത്.

സാഹിത്യകാരൻ എം മുകുന്ദൻ, അടച്ചുപൂട്ടലിൽനിന്നു സ്കൂൾ ഏറ്റെടുത്തു നവീകരിച്ചു മാതൃക സൃഷ്ടിച്ച മുൻഎംഎൽഎ എ പ്രദീപ് കുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പദ്മശ്രീ മീനാക്ഷിയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ് കുമാർ, നർത്തകി രാജശ്രീ വാര്യർ, ചലച്ചിത്രനടി അനു സിതാര, മുൻ ഇന്ത്യൻ ഫുട് ബോൾ താരം സി കെ വിനീത്, കവി വീരാൻ കുട്ടി, ഗായകൻ വി ടി മുരളി, ഗായിക വിഷ്ണുമായ രമേഷ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുക.

വൈകിട്ട് 5നു ചേരുന്ന സമ്മേളനത്തിൽ ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷനാകും. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പുതിയ സ്കൂൾ പരിചയപ്പെടുത്തും. ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും മറ്റു പ്രമുഖരും പങ്കെടുക്കും. ഉദ്ഘാടനത്തിനു മുൻപ് ഘോഷയാത്രയും ശേഷം കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.

ദേശീയപാതാവികസനത്തിനായി 2019-ൽ പൊളിച്ച സ്കൂൾ താത്ക്കാലികമായി വാടകയ്ക്കെടുത്ത സൗകര്യങ്ങളില്ലാത്ത സ്ഥലത്തു പ്രവർത്തിക്കുകയായിരുന്നു. പുതിയ സ്ഥലവും കെട്ടിടവും ഒരുക്കി സ്കൂൾ മാറ്റിസ്ഥാപിക്കാൻ മാനേജ്മെന്റിനു കഴിയാതിരുന്ന സാഹചര്യത്തിൽ പഞ്ചായത്തും പൂർവവിദ്യാർത്ഥികളും മറ്റു പൗരപ്രമുഖരും ചേർന്ന് സ്കൂൾ സംരക്ഷണസമിതി ഉണ്ടാക്കി പല പരിശ്രമങ്ങളും നടത്തി. അവയൊന്നും ഫലവത്താകാതെ വന്നപ്പോഴാണ് എല്ലാവരും ചേർന്ന് ഊരാളുങ്കൽ സൊസൈറ്റിയെ സമീപിക്കുന്നതും സമ്മർദ്ദങ്ങൾക്കൊടുവിൽ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുന്നതും.

മുട്ടുങ്ങൽ സ്കൂൾ നിന്നതിനു 100 മീറ്ററിനുള്ളിൽത്തന്നെ സ്ഥലം വാങ്ങി പുതിയ കെട്ടിടം നിർമ്മിച്ചാണ് സ്കൂളിനു സൊസൈറ്റി പുനർജന്മം നല്കിയത്. ഇതേത്തുടർന്ന് സ്കൂളിന് ‘യുഎൽസിസിഎസ് സെന്റിനറി എൽപി സ്കൂൾ, മുട്ടുങ്ങൽ’ എന്നു  പുനർനാമകരണം ചെയ്യാൻ  പിടിഎയും സ്കൂൾ സംരക്ഷണസമിതിയും ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു.

പഠനവിഷയങ്ങൾക്കപ്പുറം സർഗാത്മകത ഉൾപ്പെടെ കുട്ടികളുടെ സർവതോമുഖമായ വികാസത്തിനായി സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസവിദഗ്ദ്ധരുടെ സമിതി വികസിപ്പിച്ച ‘സർഗാത്മകവിദ്യാഭ്യാസം’ എന്ന സമ്പ്രദായമാകും സ്കൂളിൽ നടപ്പാക്കുക. പുസ്തകവായനയും ശാസ്ത്രപരീക്ഷണങ്ങളും ഗണിതനിർദ്ധാരണവും അഭിനയവും സംഗീതവും നൃത്തവും ചെസ്സും കളരിയും കൃഷിയും പുന്തോട്ടപരിപാലനവും പ്രകൃതിപാഠവും എല്ലാം അഭ്യസിക്കാൻ കഴിയുന്നവിധത്തിലാണ് സ്കൂൾക്കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഈ പഠനരീതിയിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യും. തൊഴിലാളികളുടെയും തീരദേശത്തെയുമടക്കം കുട്ടികൾക്ക് രാജ്യാന്തരനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനാണ് പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *