പഠിക്കാം, സ്പോര്‍ട്സ് കോഴ്സുകൾ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സസലന്സിന്റെ (കെയ്സ്) അക്രഡിറ്റേഷനോടു കൂടിയ തൊഴിലധിഷ്ഠിത സ്പോര്‍ട്സ് കോഴ്സുകൾ പഠിക്കാം.
സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് എം ആര് ഐ) നടത്തുന്ന തൊഴിലധിഷ്ഠിത സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചനീയറിംഗ്, സ്പോര്‍ട്സ് സൈക്കോളജി, സ്പോര്‍ട്സ് ഫെസിലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
കായികതാരങ്ങള്‍, പ്രൊഫഷണല്‍ ക്ലബുകള്‍, ടൂര്‍ണമെന്റുകള്‍, സ്പോര്‍ട്സ് ലീഗുകള്‍ എന്നിവയടക്കമുള്ള സ്പോര്‍ട്സ് പ്രോപ്പര്‍ട്ടികള്‍ സൃഷ്ടിക്കുന്നതിനും അവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന സ്വതന്ത്ര മേഖലയാണ് സ്പോര്‍ട്സ് മാനേജ്മെന്റ്.
കളിക്കോപ്പുകളും കളിക്കളങ്ങളും മറ്റ് കായികാനുബന്ധിയായ ഉപകരണങ്ങളും സങ്കേതങ്ങളും രൂപകല്പന ചെയ്യുകയും നിര്‍മ്മിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന എഞ്ചനീയറിംഗ് ശാഖയാണ് സ്പോര്‍ട്സ് എഞ്ചിനീയറിംഗ്.
എതിരാളികളുടെ മേല്‍ മാനസിക വിജയം നേടുന്നതിനും പ്രകടനവുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കായികതാരങ്ങളെ സഹായിക്കുന്ന പ്രൊഫഷണലുകളാണ് സ്പോര്‍ട്സ് സൈക്കോളജിസ്റ്റുകള്‍.
പ്ലസ്ടു, ബിരുദം, എഞ്ചിനീയറിംഗ്, എം ബി എ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
സ്പോര്‍ട്സ് ഏജന്റ്, ക്ലബ് മാനേജര്‍, ലീഗ് മാനേജര്‍, സ്പോര്‍ട്സ് അനലിസ്റ്റ്, സ്ക്കൗട്ട്, സ്പോര്‍ട്സ് ഡവലപ്മെന്റ് ഓഫീസര്‍, സ്പോര്‍ട്സ് എഞ്ചിനീയര്‍, സ്പോര്‍ട്സ് ഫെസിലിറ്റി മാനേജര്‍, സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് എന്നിങ്ങനെ സ്പോര്‍ട്സ് അനുബന്ധിയായ വിവിധ കരിയറുകള്‍ക്കുള്ള പരിശീലനം ഈ കോഴ്സുകളില്‍ നിന്നും ലഭിക്കും.