ആധുനിക സാങ്കേതികവിദ്യ പരിശീലനം: സംയുക്ത പദ്ധതികളുമായി ഐഎച്ച്ആര്‍ഡിയും നീലിറ്റും

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റും (ഐഎച്ച്ആര്‍ഡി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും (നീലിറ്റ്) ചേര്‍ന്ന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആധുനിക സാങ്കേതിക വിദ്യകളില്‍ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണ അവസരങ്ങള്‍ എന്നിവ നല്‍കാന്‍ സംയുക്ത പദ്ധതികള്‍ നടപ്പാക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സാന്നിധ്യത്തില്‍ ഐഎച്ച്ആര്‍ഡി  ഡയറക്ടര്‍ ഡോ. വി എ അരുണ്‍ കുമാറും നീലിറ്റ് കോഴിക്കോട് ഡയറക്ടര്‍ ഡോ. പ്രതാപ് കുമാറും പദ്ധതിയുടെ ധാരണാ പത്രം കൈമാറി. 

ഇതിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം, പ്രോഡക്റ്റ് ഡെവലപ്മെന്റ്, പ്രോജക്റ്റുകള്‍ തുടങ്ങിയവക്ക് അവസരമൊരുക്കും. വ്യവസായബന്ധിത സെമിനാറുകള്‍, പ്ലേസ്മെന്റ് പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.