ഉന്നത വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി ആർ ബിന്ദു
കോഴിക്കോട്: ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ പൂർവ വിദ്യാർഥി സംഗമം 1964 മുതൽ കോളേജിൽ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ അപൂർവ ഒത്തുചേരലായി. സംഗമം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. സമഗ്രവും സ്വതന്ത്രവുമായ പരിവർത്തനത്തിലേക്ക് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല കടക്കുകയാണ്. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കത്തക്കവിധം വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടു പോകുന്നു. വിദ്യാർഥികളിൽ തൊഴിൽ ആഭിമുഖ്യം വളർത്തുന്നതിനും പഠന കാലത്ത് തന്നെ വരുമാനം നേടുന്നത് ലക്ഷ്യമാക്കിയുമാണ് ഇൻഡസ്ട്രി ഓൺ കാംപസ് ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള നൈപുണ്യവികസന രംഗത്ത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം നടത്തിവരികയാണ്. ആർടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ പുത്തൻ മേഖലകളിലേക്ക് കടക്കുന്ന കോഴ്സുകൾക്ക് പ്രാധാന്യം നൽകും. വിദ്യാർഥികൾക്ക് പൂർണമായ സ്വാതന്ത്ര്യം അനുവദിച്ച്, അവരുടെ മൗലികമായ കഴിവുകളും സർഗാത്മകതയും വികസിപ്പിക്കുന്ന പാഠ്യപദ്ധതി ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവും ഗുണമേന്മയുള്ള പശ്ചാത്തല സൗകര്യങ്ങളും ഉയർന്ന അക്കാദമിക് മികവും ഉറപ്പു വരുത്താൻ സർക്കാർ തുടർച്ചയായ നടപടികൾ സ്വീകരിച്ചു വരികയാണ്. രാജ്യത്തെ ഏറ്റവും മികച്ച 200 കോളേജുകളിൽ 42 എണ്ണവും ഈ കൊച്ചു കേരളത്തിലാണ്. നമ്മുടെ സർവകലാശാലകൾ ഉയർന്ന ഗ്രേഡുകളോടെ ദേശീയ തലത്തിൽ ഏറെ മുന്നിൽ നിൽക്കുന്നു. ഈ നേട്ടങ്ങൾ ശക്തിപ്പെടുത്തി ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.
ആർട്സ് കോളേജിന്റെ വികസനത്തിന് സർക്കാർ പൂർണ പിന്തുണ നൽകി വരികയാണ്.
കഴിഞ്ഞ അക്കാദമിക് വർഷം ആർട്സ് കോളേജിൽ സർക്കാർ സഹായത്തോടെ നടത്തിയ വികസനപ്രവർത്തനങ്ങളും അക്കാദമിക് രംഗത്ത് നടത്തിയ സെമിനാറുകളും ശില്പശാലകളും സർക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ്. ആർട്സ് കോളേജിനെ പുരോഗതിയിലേക്ക് നയിക്കുന്നതിനായി ധൈഷണികവും സാമ്പത്തികവുമായ സഹായം പൂർവവിദ്യാർതഥികളുടെ
ഭാഗത്തു നിന്നുണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. സമൂഹത്തിന്റെയാകെ പിന്തുണ ഉറപ്പാക്കിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കേരളം വൻ നേട്ടം കൈവരിച്ചത്. അതേ മാതൃകയിൽ എല്ലാവരും കൈകോർത്ത് ഗവൺമെന്റിന്റെ പിന്തുണയോടെ ആർട്സ് കോളേജ് വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ പൂർത്തിയാക്കണം. കോഴിക്കോടിന്റെ സാംസ്കാരിക പശ്ചാത്തലത്തിന് അനുസൃതമായ കോഴ്സുകൾ ആർട്സ് കോളേജിൽ വിഭാവനം ചെയ്യാൻ കഴിയും. സൈദ്ധാന്തികമായ അറിവുകളും പ്രായോഗികതയും പ്രോത്സാഹിപ്പിക്കുകയും പുതിയ ഗവേഷണ കേന്ദ്രങ്ങൾ ഉൾപ്പെടെ വികസിപ്പിച്ചെടുക്കുകയും വേണം. മാസ്റ്റർ പ്ലാൻ സാക്ഷാത്കരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
അഹമ്മദ് ദേവർ കോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. പി എം പ്രഭാകരൻ, ഹരിദാസൻ പാലയിൽ എന്നിവർ സംസാരിച്ചു. ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. പി പ്രിയ സ്വാഗതം പറഞ്ഞു.
മെയ് ഒന്നിന് കാലത്ത് ആരംഭിച്ച മെഗാ സംഗമത്തിൽ ആയിരത്തിലധികം പൂർവ വിദ്യാർത്ഥികൾ ക്യാമ്പസിൽ എത്തിച്ചേർന്നിരുന്നു. പൂർവ വിദ്യാർഥികൾ ചിട്ടപ്പെടുത്തിയ
സ്വാഗത ഗീതത്തോടെ ആരംഭിച്ച കലാപരിപാടികൾ രാത്രി ഒമ്പതിന് ഓർക്കസ്ട്രയോടെയായിരുന്നു സമാപനം.
പൂർവവിദ്യാർത്ഥികളുടെ മഹാ സംഗമത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അനുബന്ധ പരിപാടിയായ പുസ്തക പ്രദർശനം വേറിട്ട അനുഭവമായി.
കോളേജിലെ പൂർവ വിദ്യാർഥികളിൽ എഴുത്തുകാരായി മാറിയ നാല്പതിലധികം സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ കോളേജ് അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പ്രദർശിപ്പിച്ചത്. എഴുത്തുകാരും കൃതികളും ഒരേ വേദിയിൽ എത്തിയത് അപൂർവ കാഴ്ചയായിരുന്നു.
മന്ത്രി ഡോ. ആർ ബിന്ദു, ഇത്തരം പുസ്തക പ്രദർശനം തീർത്തും നവ്യാനുഭവമാണെന്ന് അഭിപ്രായപ്പെട്ടു.
ആറു പതിറ്റാണ്ടിന്റെ ഓർമത്തിളക്കവുമായി മെഗാ പൂർവ വിദ്യാർഥി സംഗമം

