ഭിന്നശേഷി കുട്ടികള്‍ക്ക് പഠനസഹായ കിറ്റുകള്‍ വിതരണം ചെയ്തു


കോഴിക്കോട്: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴിലുള്ള സെക്കന്തരാബാദിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് ഇന്റലക്ച്വല്‍ ഡിസബിലിറ്റീസിന്റെ (എൻഐഇപിഐഡി) സഹായത്തോടെ ലഭ്യമാക്കിയ പഠനകിറ്റുകള്‍ ജില്ലയില്‍ വിതരണം ചെയ്തു. ലഭ്യമായ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ബുദ്ധിപരിമിതരായ എസ് സി/എസ് ടി  വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് ടിഎല്‍എം കിറ്റുകള്‍ വിതരണം ചെയ്തത്.

കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേകം തയ്യാറാക്കിയ മെറ്റീരിയലുകളാണ് കിറ്റുകളിലുള്ളത്.

7-11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നമ്പര്‍ പസിലുകള്‍, തടികൊണ്ടുള്ള അക്ഷരമാല ക്യൂബുകള്‍, സൂക്ഷ്മതല നൈപുണ്യ ബ്ലോക്കുകള്‍, പെഗ് ബോര്‍ഡ്, മാന്ത്രിക സ്ലേറ്റ്, മണിച്ചട്ട സ്ലേറ്റ് തുടങ്ങി 24 ഇനങ്ങളാണ് കിറ്റിലുള്ളത്.

12 വയസ്സിനു മുകളിലുള്ളവര്‍ക്കായി പൊതുവിജ്ഞാന ഫ്‌ളാഷ് കാര്‍ഡുകള്‍, ഫിറ്റിങ് ആൻഡ് അസംബ്ലിങ്ങ് കിറ്റുകള്‍, സംഖ്യ ടൈലുകള്‍, മെഷറിംഗ് സെറ്റുകള്‍, മൊബൈല്‍ ഫോണ്‍ (അടിസ്ഥാന മോഡല്‍) കാല്‍ക്കുലേറ്റര്‍, ഡിജിറ്റല്‍ വാച്ച് തുടങ്ങിയവയാണ് കിറ്റിലുള്ളത്.

കുട്ടികള്‍ക്ക് ദൈനംദിന കാര്യങ്ങളെപ്പറ്റി ധാരണ ലഭിക്കുന്നതിനുള്ള എൻഐഇപിഐഡി പ്രസിദ്ധീകരണങ്ങള്‍, കളറിംഗ് പുസ്തകങ്ങള്‍, ക്രയോണുകള്‍, മാജിക് സ്ലേറ്റുകള്‍, ഭാഷാ കോണികള്‍, സമയത്തെപ്പറ്റി ധാരണ ഉറപ്പാക്കുന്നതിനായി മരം കൊണ്ടുണ്ടാക്കിയ ക്ലോക്ക് തുടങ്ങി 22 ഇനങ്ങളുമുണ്ട്.

കിറ്റുകളുടെ വിതരണം സമഗ്രശിക്ഷ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ഹക്കീം നിര്‍വഹിച്ചു. കര്‍ണാടക കോംപസിറ്റ് റീജിനല്‍ സെന്ററിലെ റിഹാബിലിറ്റേഷന്‍ ഓഫീസര്‍ കനക സബാപതി കിറ്റുകളുടെ ഉപയോഗം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് ക്ലാസ് നല്‍കി. നടക്കാവ് ബിപിസി ഹരീഷ് എ വി സ്വാഗതവും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ആരതി എം നന്ദിയും പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000