ദേവഗിരിയിൽ നവീകരിച്ച സുവോളജി മ്യൂസിയം തുറന്നു

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ പുരാതനവും വൈവിധ്യപൂർണവുമായ സുവോളജി മ്യൂസിയം കോളേജിലെ സുവോളജി വിഭാഗം അലുംനി അംഗങ്ങളുടെ സഹായത്തോടെ നവീകരിച്ചു. കോളേജിൽ ഒത്തുകൂടിയ സുവോളജി അലുംനി അംഗങ്ങൾക്കു മുന്നിൽ സുവോളജി വിഭാഗം അധ്യാപകനും പ്രിൻസിപ്പലുമായ ഡോ.ബോബി ജോസാണ് മ്യൂസിയം നവീകരണം എന്ന ആശയം മുന്നോട്ടുവച്ചത്. ചെറുതും വലുതുമായ സംഭാവനകൾവഴി നവീകരണത്തിനുവേണ്ട ആറു ലക്ഷം രൂപ സ്വരൂപിക്കാനായി. നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം സുവോളജി പൂർവ വിദ്യാർത്ഥി കൂടിയായ മണ്ണാർക്കാട് ഡി.എഫ്.ഒ സി. അബ്ദുൾ ലത്തീഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് മാനേജർ ഫാ. ബിജു.കെ ഐസക്, പ്രിൻസിപ്പൽ ഡോ.ബോബി ജോസ്, വകുപ്പ് മേധാവി ഡോ. പി.ജെ.വിനീഷ്, ഡോ. ജോർജ് മാത്യു, കോളജ് അലുംനി അസോസിയേഷൻ സെക്രട്ടറി പ്രൊഫ. ഇ.കെ. നന്ദഗോപാൽ, അലുംനി കോ-ഓർഡിനേറ്റർ പ്രഫ. ചാർലി കട്ടക്കയം, സുവോളജി അലുംനി അസോസിയേഷൻ പ്രസിഡൻ്റ് എസ്.ജയകൃഷ്ണൻ, ഡോ. പി. അശ്വതി എന്നിവർ പ്രസംഗിച്ചു. സുവോളജി വിഭാഗം പൂർവ വിദ്യാർത്ഥികളും ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.എഴുനൂറോളം ജീവജാലങ്ങളുടെ ലേബൽ ചെയ്ത സാമ്പിളുകൾ മ്യൂസിയത്തിൽ ഉണ്ട്. തിമിംഗലത്തിന്റെ അസ്ഥികൂടം, മുള്ളെലി, പുള്ളിപ്പുലി എന്നിവയുടെ തോലുകൾ, വിവിധതരം പാമ്പുകൾ, മറ്റ് ഇഴജന്തുക്കൾ, മീനുകൾ, പക്ഷികൾ, പൂമ്പാറ്റകൾ, കടലാമ, ചിപ്പികളും പവിഴപ്പുറ്റുകളും എല്ലാം ഈ മ്യൂസിയത്തിലുണ്ട്.കോളജിലെ ഗവേഷകരും ഗവേഷണവിദ്യാർത്ഥികളും ചേർന്നു കണ്ടെത്തിയ മുപ്പത്തിരണ്ടിനം വണ്ടുകളും ഇവിടെയുണ്ട്.പൂർണമായി ഡിജിറ്റൈസ് ചെയ്ത ഈ മ്യൂസിയത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മുഴുവൻ സാമ്പിളുകളുടെയും പൂർണവിവരം ലഭിക്കും. എല്ലാവർഷവും നടത്തുന്ന സുവോളജി ഫെസ്റ്റിനോടനുബന്ധിച്ച് മ്യൂസിയം പൊതുജനങ്ങൾക്ക് കാണാൻ അവസരം കൊടുക്കുന്നുണ്ട്. മുൻകൂട്ടി അനുവാദം വാങ്ങിയാൽ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും മ്യൂസിയം കാണാൻ സൗകര്യമൊരുക്കുമെന്ന് വകുപ്പുമേധാവി ഡോ. പി.ജെ. വിനീഷ് അറിയിച്ചു.