കോഴിക്കോട്: ഐഎസ്ആർഒയുടെ അംഗീകൃത സ്പേസ് ട്യൂട്ടറായ യുഎൽ സ്പേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ബഹിരാകാശ പഠനയാത്ര സംഘടിപ്പിക്കുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ അഭിമാന സ്ഥാപനങ്ങളായ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) എന്നീ കേന്ദ്രങ്ങളാണ് സംഘം സന്ദർശിക്കുക. നവംബർ 6, 7 തിയ്യതികളിലായി രണ്ടു ദിവസത്തെ സന്ദർശനവും അതിനോടാനുബന്ധിച്ചുള്ള ശില്പശാലകളും ഉണ്ടാവും.
ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ടറിയാനും, വി എസ് എസ് സി ഡയറക്ടർ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരം ഒരുക്കുകയാണ് യാത്രയുടെ ലക്ഷ്യം. സന്ദർശനത്തിന്റെ ഭാഗമായി വി എസ് എസ് സിയിലും, ഐ ഐ എസ് ടി യിലും പ്രത്യേക ശില്പശാലകളും ചർച്ചകളും സംഘടിപ്പിക്കും.
പഠനയാത്രയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് കർമ്മം നവംബർ 5 ബുധനാഴ്ച വൈകുന്നേരം 7 ന് കോഴിക്കോട് യുഎൽ സൈബർപാർക്കിൽ നടക്കും. യുഎൽസിസിഎസ് ഡയറക്ടർ ടി. ടി. ഷിജിൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ. കെ. കുട്ടി, യു എൽ സൈബർ പാർക്ക് സിഒഒ കിഷോർ കുമാർ ടി കെ, കോഴിക്കോട് ഡയറ്റ് (DIET) പ്രിൻസിപ്പൽ ഡോ. അബ്ദുൽ നാസർ യു.കെ., എൻ.ഐ.ടി. കാലിക്കറ്റ് പ്രൊഫസർമാരായ ഡോ. രഘു സി.വി, ഡോ. എ. സുജിത്, യു എൽ റിസർച്ച് ഡയറക്ടർ ഡോ. സന്ദേശ് ഇ പ, അധ്യാപകൻ ഷജിൽ യു കെ, അജയൻ ആനാട് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരാകും.
2016 ൽ സ്ഥാപിതമായത് മുതൽ എല്ലാ വര്ഷങ്ങളിലും തുടർച്ചയായി യു എൽ സ്പേസ് ക്ലബ് ഇത്തരം പഠന യാത്രകൾ നടത്താറുണ്ട്. മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊജക്റ്റുകളും, പ്രബന്ധങ്ങളും അവതരിപ്പിക്കാനുള്ള അവസരവും കിട്ടി.

