‹

മാനാഞ്ചിറയെക്കുറിച്ചൊരു പഠനം

സിനിമാനടികൾക്കു മാത്രമല്ല, നഗരങ്ങൾക്കുമൊരു സൗന്ദര്യരഹസ്യമുണ്ട്‌. കോഴിക്കോട്‌ നഗരത്തിന്റെ സൗന്ദര്യരഹസ്യമെന്താണെന്നു ചോദിച്ചാൽ അധികം ആലോചിക്കേണ്ടിവരില്ല, മാനാഞ്ചിറയും മാനാഞ്ചിറ മൈതാനവും എന്ന ഉത്തരം പറയുവാൻ. അത്രയ്‌ക്ക്‌ സുന്ദരമാണീ ചിറയും മൈതാനവും. ഉയരംകുറഞ്ഞ ചുറ്റുമതിലുകളും വിക്‌ടോറിയൻ സൗന്ദര്യം വിളിച്ചോതുന്ന വിളക്കുകാലുകളും ഇവയെ കൂടുതൽ സുന്ദരമാക്കുന്നു. നൂറ്റാണ്ടുകൾ കോഴിക്കോടിനെ ഭരിച്ചിരുന്ന രാജവംശത്തിന്റെ ബാക്കിപത്രമാണ്‌ ഈ ചിറയും മൈതാനവും. മാനവേദൻ എന്ന രാജാവ്‌ നിർമിച്ചതിനാലാണത്രേ ഈ കുളത്തിനും മൈതാനത്തിനും മാനാഞ്ചിറ എന്ന പേർ വീണത്‌. തുടക്കത്തിൽ ഇത്‌ രാജകുടുംബത്തിന്റെ മാത്രം കുളമായിരുന്നു.രാജഭരണം നിലച്ച്‌ ബ്രിട്ടീഷ്‌ ഭരണമായപ്പോൾ ഇത്‌ ജനങ്ങളുടെ കുളമായി. മാനാഞ്ചിറ മൈതാനത്ത്‌ തമ്പടിക്കാറുണ്ടായിരുന്ന സർക്കസ്‌ കൂടാരങ്ങളിലെ മൃഗങ്ങൾ വരെ ഈ ചിറയിൽനിന്നാണത്രേ വെള്ളം കുടിച്ചിരുന്നത്‌. പിയേഴ്‌സ്‌ ലസ്‌ലിയിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയെത്തുടർന്ന്‌ ഒടുവിൽ മൃഗങ്ങൾക്ക്‌ വിലക്കുവീണു. അപ്പോഴും ജനം പാത്രങ്ങളിൽ വെള്ളമെടുത്തു കൊണ്ടുപോകുന്നത്‌ ഒരു സ്ഥിരം കാഴ്‌ചയായിരുന്നത്രേ ഈ നഗരത്തിൽ. തുടക്കത്തിൽ മാനാഞ്ചിറയ്‌ക്ക്‌ ചുറ്റുമതിലില്ലായിരുന്നു. ഒടുവിൽ ബ്രിട്ടീഷ്‌ സർക്കാർ രണ്ട്‌ പോലീസ്‌ കോൺസ്‌റ്റബിൾമാരെ സ്ഥിരമായി മാനാഞ്ചിറയ്‌ക്ക്‌ കാവൽ നിർത്തി. 1891‐കളിലാണ്‌ മാനാഞ്ചിറയിലെ ജലമുപയോഗിച്ച്‌ നഗരത്തിലൊരു കുടിവെള്ള പദ്ധതി തുടങ്ങണമെന്ന ചിന്ത ബ്രിട്ടീഷുകാരന്‌ ലഭിക്കുന്നത്‌. ഇക്കുറി നമുക്ക്‌ ആ ചിന്തകളിലൂടെ ഒന്ന്‌ കടന്നുപോകാം.

സാനിറ്ററി ഓഫീസറായിരുന്ന എല്ലിസ്‌ 1894 ഒക്‌ടോബർ 29ന്‌ ഗവൺമെന്റ്‌ ചീഫ്‌ സെക്രട്ടറിക്കെഴുതിയ ഒരു കത്തിൽനിന്നുതന്നെ ആ കുടിവെള്ളപദ്ധതിയുടെ ഏകദേശരൂപം ലഭിക്കും. മാനാഞ്ചിറയുടെ അക്കാലത്തെ ചിത്രവും നമ്മുടെ മനസ്സിൽ വിരിയുകയും ചെയ്യും. അത്രയ്‌ക്ക്‌ വിശദമായിത്തന്നെയാണ്‌ അദ്ദേഹം കത്തെഴുതിയിരക്കുന്നത്‌. നമുക്ക്‌ ആ കത്തിലൂടെയൊന്ന്‌ കണ്ണോടിക്കാം: ‘‘സാനിറ്ററി ഓഫീസറായിരുന്ന ശ്രീ. ജോൺസിന്റെ 1891 ജൂലായ്‌ 25‐ാം തീയതിയിലെ 7175 -ാം നമ്പർ റിപ്പോർട്ട്‌ പ്രകാരമാണ്‌ നാം മാനാഞ്ചിറയെ ഒരു കുടിവെള്ളപദ്ധതിക്കാവശ്യമായ ജലസ്രോതസ്സായി കാണുന്നത്‌. നഗരത്തിൽ മറ്റൊരു ജലസ്രോതസ്സും ലഭ്യമല്ലെന്നാണ്‌ അദ്ദേഹം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്‌. 1892ലെ വരൾച്ചയിൽ മാനാഞ്ചിറയിൽ എത്രകണ്ട്‌ ജലം ലഭ്യമാകുമെന്നൊരു പഠനം നടത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 1891 ആഗസ്‌ത്‌ 12ന്‌ നഗരസഭ സർക്കാരിനെ അറിയിച്ചത്‌ അവർക്കു വേണ്ടത്ര ഫണ്ടില്ലാത്തതിനാൽ കുടിവെള്ളപദ്ധതിയുമായി മുന്നോട്ടുപോകാൻ സാധിക്കില്ലെന്നാണ്‌. ഈ പഠനത്തിന്‌ ആകെ ചെലവാകുന്നത്‌ 45 രൂപയും മോട്ടോർ സ്ഥാപിക്കുന്നതിനുള്ള ചെലവുമായിരുന്നു. ഇതിനുപുറമേ, മാനാഞ്ചിറയിലെ വെള്ളം രാസപരിശോധനയ്‌ക്കണമെന്ന്‌ ശ്രീ. ജോൺസ്‌ ആവശ്യപ്പെട്ടിരുന്നു. ഒരിക്കൽ വെള്ളത്തിന്റെ മാതിരി (sample) എടുത്തതിനുശേഷം ചിറ വറ്റിച്ച്‌ പുതുവെള്ളത്തിന്റെ മാതിരികൂടി എടുക്കണമെന്ന്‌ അദ്ദേഹം നിർദേശിച്ചിരുന്നു. 1894 മെയ്‌ 24ന്‌ സാനിറ്ററി ഓഫീസർ ശ്രീ. ജോൺസിന്റെ ആവശ്യം സർക്കാരിനെ എഴുതി അറിയിച്ചതായി കാണുന്നു. ഇങ്ങനെ ചെയ്‌താൽ മാത്രമേ വെള്ളത്തിലെ മാലിന്യത്തിന്റെ അളവിനെക്കുറിച്ച്‌ നമുക്ക്‌ ശരിയായ വിധത്തിൽ മനസ്സിലാക്കാൻ പറ്റുകയുള്ളു.

കുടിവെള്ളസ്രോതസ്സിനായി നാം നഗരത്തിന്റെ പുറത്തേക്കുകൂടി ഒന്നന്വേഷിക്കുന്നത്‌ നന്നാവും എന്നാണെന്റെ അഭിപ്രായം. ഇതിനിടെ മാനാഞ്ചിറയിലെ വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ച്‌ പഠിക്കുവാൻ നാം ഡോ. കിങ്‌സ്‌ എന്നൊരാളെ ഏല്‌പിച്ചിരുന്നു. അദ്ദേഹം മാനാഞ്ചിറയിൽ അത്രകണ്ട്‌ വെള്ളം ലഭ്യമാണോ എന്നൊരാശങ്ക പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മാനാഞ്ചിറയ്‌ക്ക്‌ വെള്ളം ലഭിക്കുന്നത്‌ അടിയിലുള്ള കളിമൺപാളികളിൽനിന്നാണ്‌. കളിമൺപാളികൾ ജലത്തെ കടന്നുപോകുവാൻ സാധാരണ രീതിയിൽ അനുവദിക്കാറില്ലത്രേ. അതിനാൽ കാര്യമായ ഉറവ്‌ മാനാഞ്ചിറയ്‌ക്കുണ്ടായിരിക്കില്ലെന്നാണ്‌ അദ്ദേഹം വാദിക്കുന്നത്‌. ഇതത്രകണ്ട്‌ ശരിയാകണമെന്നില്ല എന്നാണെന്റെ അഭിപ്രായം. കാരണം മാനാഞ്ചിറയ്‌ക്കുസമീപമുള്ള കിണറുകളിലും ചെറുകുളങ്ങളിലും ധാരാളം വെള്ളമുണ്ട്‌. ഉറവുമുണ്ട്‌. അതിനാൽ കളിമൺപാളികളിൽനിന്നാണ്‌ മാനാഞ്ചിറയിൽ വെള്ളം ഉറവെടുക്കുന്നത്‌ എന്ന ഡോ. കിങ്‌സിന്റെ അഭിപ്രായത്തോട്‌ എനിക്ക്‌ യോജിക്കുവാൻ പറ്റുന്നില്ല. മാനാഞ്ചിറയിലെ വെള്ളം കുടിവെള്ളപദ്ധതിക്കനുയോജ്യമാണെന്നാണ്‌ എന്റെ അഭിപ്രായം. കിണറുകളിലെ വെള്ളത്തിനെക്കാൾ ശുദ്ധമാണ്‌ മാനാഞ്ചിറയിലെ വെള്ളം. ഈ ചിറയിലെ ജലലഭ്യതയെക്കുറിച്ച്‌ ശരിയായ പഠനം നടത്തുക എന്നതായിരിക്കണം പ്രഥമ കർത്തവ്യം.

കൂട്ടത്തിൽ ഒന്നുകൂടി പറയട്ടെ. 1894 ഒക്‌ടോബർ 10, 11 തീയതികളിൽ ഞാൻ കോഴിക്കോട്‌ നഗരത്തിൽ ഒരു സന്ദർശനം നടത്തിയിരുന്നു. നഗരത്തിൽനിന്ന്‌ മൂന്നു മൈൽ ദൂരയുള്ള പോലൂർകുന്നിൽ ഞാൻ പോയിരുന്നു. ഇവിടെനിന്നാണല്ലോ നമുക്ക്‌ ചെങ്കല്ല്‌ ലഭിക്കുന്നത്‌. ഈ കുന്നിന്റെ അടിവാരത്ത്‌ ശക്തമായ ഉറവുകൾ കാണുവാനിടയായി. ഇവിടെയുള്ള കൊച്ചുകൊച്ചരുവികളിൽ ഞാൻ ധാരാളം വെള്ളം കാണുകയുണ്ടായി. കോഴിക്കോട്‌ നഗരത്തിൽ നാം തുടങ്ങുവാനുദ്ദേശിക്കുന്ന കുടിവെള്ളപദ്ധതിക്ക്‌ വേണ്ടതായ ജലം പോലൂർകുന്നിന്റെ അടിവാരത്തുനിന്ന്‌ ലഭിക്കുമെന്നാണ്‌ എന്റെ കണ്ടെത്തൽ. ഈ അരുവികളിലെ ജലം രാസപരിശോധനയ്‌ക്കയയ്‌ക്കുന്നതിന്‌ ഞാൻ ശുപാർശ ചെയ്യുന്നു. നഗരത്തിലെ കുടിവെള്ളപദ്ധതിക്കായി നാം പോലൂർകുന്നിലെ ജലമാണുപയോഗിക്കുന്നതെങ്കിൽ ചുരുങ്ങിയത്‌ നാലുലക്ഷം രൂപയെങ്കിലും മൂലധനമായി ഇറക്കേണ്ടിവരും. നഗരസഭയുടെ ധനശേഷി ഇതിനു പറ്റിയതല്ലെങ്കിൽ കുറച്ചുവർഷത്തേക്ക്‌ നമുക്ക്‌ മാനാഞ്ചിറയിലെ ജലം തന്നെ ഉപയോഗിക്കാം. തുടക്കത്തിൽ മാപ്പിളടൗൺ (കുറ്റിച്ചിറ) മാത്രമായിട്ടെങ്കിലും കുടിവെള്ളവിതരണം തുടങ്ങണമെന്നാണെന്റെ അഭിപ്രായം. ഇതിനായി ഉപയോഗിക്കുന്ന കുഴലുകളും എഞ്ചിനും പിന്നീട്‌ പോലൂർകുന്നിലെ വെള്ളമെടുക്കുന്നപക്ഷം അവിടെയും ഉപയോഗിക്കാൻ പറ്റും. എഞ്ചിൻമുറി കൊറിഗേറ്റഡ്‌ ഷീറ്റുകൊണ്ട്‌ സ്ഥിരമായിത്തന്നെ നിർമിക്കുക. നമുക്ക്‌ നമ്മുടെ തൃശിനാപ്പള്ളിയിലെയും തഞ്ചാവൂരിലെയും ജലപദ്ധതികളിൽനിന്ന്‌ വില കുറച്ച്‌ എഞ്ചിനുകൾ കൊണ്ടുവരാവുന്നതേയുള്ളു. മാനാഞ്ചിറയിലെ വെള്ളമാണ്‌ നാം എടുക്കുന്നതെങ്കിൽ ഒരുലക്ഷം രൂപയിൽ ചെലവുകളൊതുങ്ങും. പൊതുജനങ്ങളുടെ അഭിപ്രായത്തിൽ മാനാഞ്ചിറയിലെ വെള്ളം ശുദ്ധജലമാണ്‌. കോഴിക്കോട്ടെ യൂറോപ്യൻസും യൂറേഷ്യൻസും ഉപയോഗിക്കുന്നത്‌ മാനാഞ്ചിറയിലെ വെള്ളംതന്നെയാണ്‌. കുറ്റിച്ചിറയിലെ വെള്ളത്തിനെക്കാൾ ഈ വെള്ളം നല്ലതാണ്‌. മുൻപ്‌ നാം മാനാഞ്ചിറയിലെ വെള്ളം കെമിക്കൽ അനാലിസിസിന്‌ വിധേയമാക്കിയിരുന്നു. ആ റിപ്പോർട്ട്‌ ഇങ്ങനെ:

ആൽബിനോയ്‌ഡ്‌ അമോണിയ 0.160
ഫ്രീ അമോണിയ(ml/ltr.) 0.040
ക്ലോറിൻ 0.000
വൊളോടൈൽ സോളിഡ്‌ (0.020)
ടോട്ടൽ (gm/ltr.) 0.060
ടോട്ടൽ ഹാർഡ്‌നസ്‌ ഡിഗ്രിസ്‌ ക്ലാർക്ക്‌ 0.175

മദ്രാസിലെയും ബോംബെയിലെയും നാമുപയോഗിക്കുന്ന വെള്ളത്തിന്റെ നിലവാരം തന്നെയാണ്‌ മാനാഞ്ചിറയിലെ വെള്ളത്തിനും. ആകെ കാണുന്ന ദോഷം ജലത്തിലടങ്ങിയിരിക്കുന്ന ആൽബിനോയ്‌ഡ്‌ അമോണിയ ഒരല്‌പം കക്ടുതലാണെന്നതാണ്‌. എന്നാലിത്‌ വെജിറ്റേറ്റീവ്‌ ഒറിജിൻ ആണെന്നതിനാൽ പേടിക്കാനൊന്നുമില്ല. മാനാഞ്ചിറയിലെ ജലലഭ്യതയെക്കുറിച്ച്‌ പഠിക്കാനായി 500 രൂപ കെട്ടിവെക്കുവാൻ നഗരസഭയോട്‌ ആവശ്യപ്പെടുന്നു. 1895‐96 കാലയളവിൽ നമുക്കീ പദ്ധതി തുടങ്ങേണ്ടിയിരിക്കുന്നു’’.

ഈ കത്തിൽനിന്ന്‌ തുടങ്ങാനിരുന്ന കുടിവെള്ള പദ്ധതിയെക്കുറിച്ച്‌ ഏകദേശരൂപം കിട്ടിക്കാണുമല്ലോ. മാനാഞ്ചിറയിലെ വെള്ളത്തെക്കുറിച്ചുള്ള ആദ്യത്തെ പഠനമായിരിക്കാമിത്‌. കാലങ്ങൾ കടന്നുപോയപ്പോൾ ഇന്നു നാം ജപ്പാൻ കുടിവെള്ള പദ്ധതിയിലെത്തിയിരിക്കുന്നു.

(ടി ബി സെലുരാജിന്റെ ‘ഇന്നലെകളിലെ കോഴിക്കോട്‌’ പുസ്‌തകത്തിൽനിന്ന്‌)

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000