കോഴിക്കോട്: മലബാറിനെ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫറോക്ക് പള്ളിത്തറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ തീർത്ഥാടന ടൂറിസം പദ്ധതി ഉദ്ഘാടനവും കലംകൊള്ളി പടന്ന റോഡ് റോഡ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ആഭ്യന്തര വളർച്ചയുടെ വലിയൊരു ശതമാനം ടൂറിസം മേഖലയാണ്. കേരളത്തിന്റെ ഭാവിയാണ് ടൂറിസം. ആ നിലയിൽ കേരളത്തിന്റെ ടൂറിസത്തെ ഇനിയും ഉയർത്തി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
പൈതൃക സങ്കല്പങ്ങൾ, അടയാളപ്പെടുത്തലുകൾ ഇവയൊക്കെ സംരക്ഷിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് വ്യത്യസ്തങ്ങളായ പദ്ധതികൾ നടപ്പാക്കി വരികയാണ്. പൈതൃക സംരക്ഷണ പദ്ധതികളും തീർത്ഥാടന ടൂറിസം പദ്ധതികളും ആവിഷ്കരിച്ചത് ഇതിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു.
തീർത്ഥാടന ടൂറിസം വികസനത്തിൻ്റെ ഭാഗമായി പള്ളിത്തറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തികൾക്കായി വിനോദസഞ്ചാര വകുപ്പ് 99.50 ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതി പ്രകാരം ഓപ്പൺ സ്റ്റേജ് നിർമ്മാണം, ഗേറ്റ് വേ, കോമ്പൗണ്ട് വാൾ, സ്റ്റോൺ പേവിങ് വർക്കുകൾ, സീറ്റിംഗ് നിർമ്മാണം എന്നിവ നടപ്പാക്കും.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ 42.14 ലക്ഷം രൂപ ചെലവഴിച്ചാണ് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ കലംകൊള്ളി പടന്ന റോഡ് നിർമ്മാണം.
ഫറോക്ക് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി നിഷാദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി ദീപിക, കെ വിനോദ് കുമാർ, വിനോദ സഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ബേപ്പൂർ ഡവലപ്പ്മെൻ്റ് മിഷൻ ചെയർമാൻ എം ഗിരീഷ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി നിഖിൽ ദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വിനോദ സഞ്ചാരവകുപ്പ് മേഖല ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ സ്വാഗതവും സംരക്ഷണ സമിതി പ്രസിഡന്റ് ബാലകൃഷ്‌ണൻ ഓർക്കുഴി നന്ദിയും പറഞ്ഞു.

