‘സണ്‍ഡേയ്സ് ഓണ്‍ സൈക്കിള്‍’ നൂറാം പതിപ്പ് 29-ന് കോഴിക്കോട് ബീച്ചിൽ
കോഴിക്കോട്:ഫിറ്റ്നസിന്റെയും കായിക പങ്കാളിത്തത്തിന്റെയും സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന ‘സണ്‍ഡേയ്സ് ഓണ്‍ സൈക്കിള്‍’ പരിപാടിയുടെ നൂറാം പതിപ്പ് നവംബര്‍ 29-ന് കോഴിക്കോട് ബീച്ചില്‍ നടക്കും. മൈഭാരത് കേന്ദ്ര കോഴിക്കോട്, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കോഴിക്കോട്, കാലിക്കറ്റ് പെഡലേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ എട്ടിന് ആരംഭിക്കും.
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ഫിറ്റ് ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നത്തിലേക്ക് പെഡല്‍ ചവിട്ടാം’ എന്നതാണ് നൂറാം പതിപ്പിന്റെ പ്രമേയം. കായികരംഗത്ത് ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റവും ശാരീരികക്ഷമതയിലും പൊതുജന പങ്കാളിത്തത്തിലും വളര്‍ന്നുവരുന്ന സംസ്കാരവും ആഘോഷിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
യുവജന സന്നദ്ധപ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, സൈക്ലിങ് പ്രേമികള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പരിപാടിയില്‍ പങ്കാളികളാകും. താല്പര്യമുള്ളവര്ക്ക് സ്വന്തം സൈക്കിളുമായി പങ്കെടുക്കാം. ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. പങ്കെടുക്കുന്നവര്‍ രാവിലെ എട്ട് മണിക്ക് മുന്‍പായി കോഴിക്കോട് ബീച്ചില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371891.