‹

സുൽത്താൻ വീട് പ്രാദേശിക ചരിത്രത്തിൻ്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതി : ആലങ്കോട്

കോഴിക്കോട്: ഏകശിലാരൂപമായ സംസ്‌കാരം അടിച്ചേല്‍പിക്കാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ പിഎ മുഹമ്മദ് കോയയുടെ സുല്‍ത്താന്‍വീട് ഉള്‍പെടെയുള്ള രചനകള്‍ കൂടുതല്‍ വായിക്കപ്പെടണമെന്ന് പ്രശസ്ത എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.

ടൗണ്‍ഹാളില്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംഘടിപ്പിച്ച പിഎ മുഹമ്മദ് കോയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതിയാണ് സുല്‍ത്താന്‍വീട്. ഓരോ പ്രാദേശിക ചരിത്രവും ആ നാട്ടിലെ ജനങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു.

സുല്‍ത്താന്‍വീട് ഒരു സമുദായത്തിന്റെ കഥ മാത്രമല്ല. അതിനു പിന്നില്‍ സൂക്ഷ്മമായ രാഷ്ട്രീയമുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും അലകള്‍ അതില്‍ അന്തര്‍ലീനമാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അത്രതന്നെ അംഗീകരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്ത ആളല്ല  മുഹമ്മദ് കോയ. അദ്ദേഹം ഒരിക്കലും സെല്‍ഫ് മാര്‍ക്കറ്റിങിന്റെ രീതി അവലംബിച്ചിരുന്നില്ല. അവനവനെ തന്നെ ഉയര്‍ത്തിക്കാണിക്കുക എന്ന ശൈലി അദ്ദേഹത്തിനുണ്ടായിരുന്നില്ല്. അദ്ദേഹം വാസ്തവത്തില്‍ ഞാന്‍ എന്ന ഭാവത്തിന് പകരം ഞാന്‍ എന്ന അഭാവമാണ് ഉയര്‍ത്തിക്കാണിച്ചത്.

നരവംശ ശാസ്ത്രവും സാമൂഹിക ചരിത്രവും പഠിക്കുന്നവർക്ക് സുൽത്താൻ വീട് ഒരു അത്‌ഭുത കൃതിയാണെന്ന് ഡോ. എൻ പി ഹാഫിസ് മുഹമ്മദ് പറഞ്ഞു. മറ്റൊരിടത്തും കാണാത്ത ജീവിത രീതിയും കഥാപാത്രങ്ങളും ഈ കൃതിയിലുണ്ട്. മലയാളികൾ ഉള്ള കാലത്തോളം സുൽത്താൻ വീട് നിലനിൽക്കുമെന്ന് ഹാഫിസ് മുഹമ്മദ് പറഞ്ഞു.

പി എയുടെ ജീവചരിത്രമെഴുതിയ  നടക്കാവ് മുഹമ്മദ് കോയ, സുൽത്താൻ വീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്ന പി ജെ മാത്യു, സുൽത്താൻ വീട് ടിവി സീരിയലിന് തിരക്കഥയെഴുതിയ കെപി വിജയകുമാര്‍, നിയുക്ത പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ദീപക് ധര്‍മ്മടം എന്നിവർ പ്രസംഗിച്ചു. കെ അബൂബക്കറിൻ്റെ സന്ദേശം കെ എഫ് ജോർജ് വായിച്ചു. പി എയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.


ഫോറം ജില്ലാ പ്രസിഡന്റ് പിപി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. സുധീന്ദ്രകുമാര്‍ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ബാബു ചെറിയാൻ നന്ദിയും പറഞ്ഞു.

പിഎ മുഹമ്മദ് കോയയുടെ സുല്‍ത്താന്‍വീട് എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലിന്റെ ഏതാനും ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മുസ്തഫ മാത്തോട്ടം നയിച്ച ബാബുക്കയുടെ ഈണങ്ങൾ  ഗാനമേള അരങ്ങേറി

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000