കനോലി സായിപ്പിന്റെ പട്ടാളപ്പള്ളി

കോഴിക്കോട് മിഠായിത്തെരുവിന്റെ പരിസരത്താണ് പട്ടാളപ്പള്ളി സ്ഥിതി ചെയ്യുന്നത്. പട്ടാളപ്പള്ളിയുടെ പേരിൽ തന്നെ കൗതുകമുണ്ട്. പട്ടാളത്തിന് പള്ളിക്കാര്യത്തിൽ എന്തു ബന്ധം. ഈ പള്ളിക്കു പിന്നാലെ ശക്തി കനോലി സായിപ്പാണ്.

1840 കളിലാണ് കനോലി സായിപ്പ് മലബാറിൽ കലക്ടറായി ചുമതലയേൽക്കുന്നത്. സ്വന്തം നാടിനെക്കാൾ ഇദ്ദേഹം കോഴിക്കോടിനെ സ്നേഹിച്ചു. ഇദ്ദേഹത്തിന്റെ പട്ടാളക്കാരിൽ ഭൂരിഭാഗവും മുഹമ്മദീയരായിരുന്നു. ഇവർക്കുവേണ്ടിയാണ് കനോലി സായിപ്പ് നഗര മധ്യത്തിൽ പള്ളി പണിയാൻ സ്ഥലം കൊടുത്തത്. 1847 ലായിരുന്നു സ്ഥലം കൊടുത്തതെന്ന് രേഖകളിലുണ്ട്.

പള്ളിയുടെ പരിസരത്ത് മയ്യിത്ത് ഖബറടക്കം ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് സ്ഥലം അനുവദിച്ചത്. കോളറയും വസൂരിയും പേടിച്ചാണ് ഈ തീരുമാനമെടുത്തത്. ഇതിനായി 1847 ജൂലൈ 24 ന് പുറത്തിറക്കിയ 1166 നമ്പർ വിജ്ഞാപനത്തിൽ കനോലി ഒപ്പിട്ടതായി രേഖകളിൽ പറയുന്നു. മയ്യിത്ത് ഖബറടക്കരുതെന്ന് വിജ്ഞാപനത്തിൽ ശക്തമായ നിബന്ധനയുണ്ട്.

കോഴിക്കോടിന് കനോലി കനാൽ സമ്മാനിച്ചത് ഇദ്ദേഹമാണ്. മിഠായിത്തെരുവിലെയും വലിയങ്ങാടിയിലെയും ഓലപ്പീടികകൾ ഓടിടണമെന്ന നിയമം കൊണ്ടുവന്നതും അവർണർക്ക് പൊതുനിരത്തിൽക്കൂടി നടക്കാമെന്ന നിയമം കൊണ്ടുവന്നതും കനോലിയാണ്.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽ നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *