സ്‌കൂള്‍ ആരോഗ്യ പരിപാടിക്ക് തുടക്കം
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ സ്‌കൂള്‍ ആരോഗ്യ പരിപാടിക്ക് ജില്ലയില്‍ തുടക്കം. കോഴിക്കോട് വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഉപവിദ്യാഭ്യാസ ഓഫീസര്‍ ടി അസീസ് അധ്യക്ഷനായി.
ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. നവ്യ ജെ തൈക്കാട്ടില്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ശിവപ്രസാദ്, സര്‍വ ശിക്ഷ അഭിയാന്‍ ജില്ലാ കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം, ജില്ലാ നഴ്‌സിങ് ഓഫീസര്‍ പദ്മിനി, സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ സിനി എം കുര്യന്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ആര്‍.ബി.എസ്.കെ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ മഞ്ജു, ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് സി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് അക്ഷരം ആരോഗ്യം പദ്ധതിയുടെ ഗുണഭോക്താക്കള്‍. ആരോഗ്യ അവബോധവും മികച്ച ആരോഗ്യ ശീലങ്ങളും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി ഹെല്‍ത്ത് അംബാസഡര്‍മാരായി എല്ലാ ക്ലാസില്‍ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തെരഞ്ഞെടുക്കും. ഇവരിലൂടെ അധ്യാപകര്‍ നല്‍കുന്ന വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കും. അയണ്‍ ഫോളിക് ആസിഡ് ഗുളിക, കൗമാരാരോഗ്യ പരിപാടി, പ്രതിരോധ കുത്തിവെപ്പുകള്‍, ആര്‍ത്തവ ശുചിത്വ പരിപാടി തുടങ്ങി സ്‌കൂളുകളില്‍ നടക്കുന്ന ആരോഗ്യ പരിപാടികളെയും പദ്ധതികളെയും ‘അക്ഷരം ആരോഗ്യം’ പരിപാടി ശാക്തീകരിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ശാസ്ത്രീയ രീതിയില്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനവും നല്‍കും.