അവധിക്കാല അധ്യാപക പരിശീലനത്തിന് നാളെ തുടക്കം
കോഴിക്കോട്: ജില്ലയിലെ എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ മുഴുവന്‍ അധ്യാപകര്‍ക്കുമായി നടക്കുന്ന അവധിക്കാല പരിശീലനത്തിന് മെയ് 14 ന് തുടക്കമാകും. 375 ബാച്ചുകളിലായി ഇരുപതിനായിരത്തോളം അധ്യാപകരാണ് അഞ്ചു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കുക. 17ന് ഒന്നാംഘട്ട പരിശീലനം അവസാനിക്കുകയും 19 മുതല്‍ 23 വരെ രണ്ടാംഘട്ട പരിശീലനം നടക്കുകയും ചെയ്യും.
പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് പുറമെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സ്പെഷ്യലിസ്റ്റ് അധ്യാപകര്‍, ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററുകളിലെയും അംഗീകൃത അണ് എയ്ഡഡ് വിദ്യാലയങ്ങളിലെയും അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനത്തിനുള്ള മൊഡ്യൂള്‍ തയാറാക്കിയിരിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൗണ്‍സില്‍ (എസ്സിഇആര്ടി) ആണെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ- ഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കിം അറിയിച്ചു.