ശാന്താദേവി അനുസ്മരണം
കോഴിക്കോട്: നാടക -സിനിമാ നടി ശാന്താദേവിയെ അനുസ്മരിച്ചു. മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നന്മ സംസ്ഥാന വർക്കിങ് പ്രസിഡന്റ് വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. നന്മ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ വേണു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ഷിബു മുത്താട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലയിലെ മുതിർന്ന കലാകാരികളായ പുഷ്പ പയ്യോളി, ജയകാന്തി, സുശീല ഗോവിന്ദൻകുട്ടി, പി എം ശ്യാമള, പ്രമീള അനീഷ് എന്നിവരെ കെ ആർ മോഹൻദാസ്, ഷേർളി പ്രമോദ് എന്നിവർ ഉപഹാരം നൽകി ആദരിച്ചു. ചില്ലു പത്മിനി, അവന്തിക, രഞ്ജിനി തുടങ്ങിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ല സെക്രട്ടറി മഠത്തിൽ രാജീവൻ സ്വാഗതം പറഞ്ഞു. നന്മ സംസ്ഥാന കമ്മറ്റി അംഗം ഗിരീഷ് ഇല്ലത്ത് താഴം, ഹരീന്ദ്രനാഥ് ഇയ്യാട് എന്നിവർ സംസാരിച്ചു. ജില്ല ജോയന്റ് സെക്രട്ടറി മുരളിധരൻ പറയഞ്ചേരി നന്ദി പറഞ്ഞു.