കൺസ്യൂമർഫെഡ് ഓണച്ചന്തകൾ വഴി 16.45 കോടി വില്പന
കോഴിക്കോട് : വിപണിയിലെ വിലക്കയറ്റം പിടിച്ചുകെട്ടി സഹകരണമേഖലയുടെ ഇടപെടൽ.
ജില്ലയിലാകെ ഉത്രാടദിനം വരെ 170 ഓണച്ചന്തകൾ വഴി 16.45 കോടി രൂപയുടെ വില്പനയാണ് നടന്നത്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 12 കോടി രൂപയുടെ വില്പനയാണ് നടന്നത്. കഴിഞ്ഞ വർഷം 7ദിവസത്തെ വിപണി ഇടപെടലായിരുന്നത് ഇത്തവണ 10ദിവസത്തെ ഇടപെടലായി വർദ്ധിപ്പിച്ചു. സർക്കാർ സബ്സിഡിയോടെയുള്ള 11.21 കോടി രൂപയുടെ 13 ഇനം സാധനങ്ങളും 5. 24 കോടി രൂപയുടെ മറ്റ്നിത്യോപയോഗ സാധനങ്ങളുമാണ് ഓണച്ചന്തകളിലൂടെ വിതരണം ചെയ്തത്. ഗ്രാമീണ മേഖലകളിൽ പോലും സഹകരണസംഘങ്ങൾ വഴി ഓണച്ചന്തകൾ ആരംഭിച്ചതോടെ ഓണക്കാലത്തെ വിലക്കയറ്റം എന്നത് പഴങ്കഥയായി മാറി. വിലക്കുറവിൻ്റെ ഓണം സമ്മാനിക്കാനായി സർക്കാർ സഹകരണവകുപ്പ് വഴി നടത്തിയ ഇടപെടൽ ഫലം കണ്ടു എന്നതാണ് ഓണച്ചന്തകളിലെ വൻജനത്തിരക്ക് തെളിയിക്കുന്നത്.
സഹകരണസംഘങ്ങൾ നടത്തിയ 156 ഓണംവിപണികൾ വഴി 14.11 കോടിയുടെയും ജില്ലയിലെ 14 ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴി 2.34 കോടി രൂപയുടെ വില്പനയും നടന്നു. ഉത്രാടദിനത്തിൽ മാത്രം 2.15 കോടി രൂപയുടെ വില്പനയാണ് ഓണച്ചന്തകൾ വഴി ജില്ലയിൽ നടന്നത്.
13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടുകൂടിയും മറ്റ് നിത്യോപയോഗസാധനങ്ങൾ 10 മുതൽ 40 % വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്.