പണ്ടിവിടെ മുല്ലപ്പൂ തോട്ടം

മുതലക്കുളം മുതൽ പാളയം സ്‌റ്റാൻഡ്‌ വരെയുള്ള ഭാഗങ്ങൾ കോഴിക്കോട്ടുകാർക്ക്‌ പരിചിതമാണ്‌. ഈ പ്രദേശങ്ങൾ വർഷങ്ങൾക്കുമുമ്പ്‌ എങ്ങനെയായിരുന്നു. ഒരുകാലത്ത്‌ ഇവിടെ കുടമുല്ലകൾ പൂത്തുലഞ്ഞിരുന്നു. ഇവിടെ കാറ്റിന്‌ സുഗന്ധമുണ്ടായിരുന്നു. കാരണം, മലബാർ പാലസും മറ്റും നിൽക്കുന്നിടം മുല്ല കൃഷിയായിരുന്നു. അതിനുമുമ്പ്‌ ഇവിടെ സാമൂതിരി രാജാവിന്റെ കോട്ടയും കിടങ്ങുമായിരുന്നു. 1919 സെപ്‌തംബർ 9ന്‌ ഡിസൂസ എന്ന മുല്ലപ്പൂ കൃഷിക്കാരൻ മലബാർ കലക്ടർക്ക്‌ അയച്ച ഒരു കത്തിലൂടെ ഈ ചിത്രം നമ്മുടെ മുന്നിൽ വ്യക്തമായി തെളിയുന്നു. ആ കത്തിലെ വരികൾ ഇങ്ങനെ:
‘‘ ഞാൻ താമസിക്കുന്നത്‌ ധോബികൾ താമസിക്കുന്ന മുതലക്കുളത്തിനടുത്താണ്‌. ഈ സ്ഥലത്തെ കോട്ടക്കിടങ്ങെന്നാണ്‌ വിളിച്ചുവരുന്നത്‌. ഞങ്ങൾ തലമുറകളായി ഇവിടെ താമസിക്കുന്നു. ഇത്‌ താഴ്‌ന്ന ഒരു ചളി പ്രദേശമാണ്‌. കോട്ടക്കിടങ്ങ്‌ എന്ന വാക്കിൽനിന്നുതന്നെ ഇതൊരിക്കൽ കിടങ്ങായിരുന്നുവെന്ന്‌ താങ്കൾക്ക്‌ ഊഹിക്കാമല്ലൊ. തലമുറകളായി എന്റെ പിതാക്കന്മാരും ഇപ്പോൾ ഞാനും മണ്ണിട്ട്‌ നികത്തിയെടുത്തതാണ്‌ ഈ സ്ഥലം. എൺപത്‌ വർഷത്തോളമായി ഞങ്ങളുടെ അധ്വാനവും സമ്പാദ്യവും ഇതിനായി ചെലവഴിക്കുന്നു. ഞങ്ങൾ ഇവിടെ മുല്ലപ്പൂ കൃഷി ചെയ്‌തുവരുന്നു. കോഴിക്കോട്ടങ്ങാടിയിൽ മുല്ലപ്പൂ കൊടുക്കുന്നത്‌ ഞങ്ങൾ മാത്രമാണ്‌. ഇതിനുപറമെ അപൂർവമായ ഔഷധ സസ്യങ്ങളും കൃഷി ചെയ്‌തുവരുന്നു.എന്നാൽ ഇപ്പോൾ കോഴിക്കോട്‌ കൊമേഴ്‌സ്യൽ സ്‌കൂൾ ഹോസ്‌റ്റലിനുവേണ്ടി ഞങ്ങളുടെ സ്ഥലം അക്വയർ ചെയ്യാൻ പോകുന്നതായി അറിഞ്ഞു. ഈ സ്ഥലം അക്വയർ ചെയ്‌താൽ ഞങ്ങൾക്കുണ്ടാകുന്ന കഷ്‌ടനഷ്‌ടങ്ങൾ പറഞ്ഞറിയിക്കുക വിഷമം. കോഴിക്കോട്‌ നഗരത്തിൽ മുല്ലപ്പൂ കൃഷിക്ക്‌ ഉതകുന്ന മണ്ണ്‌ മറ്റൊരിടത്തുമില്ല. അഥവാ കിട്ടുടകാണെങ്കിൽത്തന്നെ പുതിയ ചെടികളിൽനിന്ന്‌ അഞ്ചാറുവർഷം കഴിഞ്ഞാലേ ആദായം കിട്ടുകയുള്ളു. ഇനിയും അക്വിസിഷൻ നടപടികളുമായി മുന്നോട്ടുപോകുന്ന പക്ഷം കിടങ്ങ്‌ നികത്തുവാൻ ഞങ്ങൾക്ക്‌ ചെലവായ പണവും അഞ്ചാറുവർഷത്തേക്ക്‌ വരുമാനം നഷ്‌ടപ്പെടുന്നതിന്റെ നഷ്‌ടപരിഹാരവും വരുവാൻ വണക്കമായി അപേക്ഷിക്കുന്നു.’’
കോഴിക്കോട്‌ കൊമേഴ്‌സ്യൽ സ്‌കൂൾ ഹോസ്‌റ്റലിനുവേണ്ടിയായിരുന്നു കലക്‌ടൾ അക്വിസിഷൻ നടപടികളുമായി മുന്നിട്ടിറങ്ങിയത്‌. ഇവിടെ ഹോസ്‌റ്റൽ തുടങ്ങിയോ എന്ന്‌ രേഖകളിൽ വ്യക്തമല്ല. സാമൂതിരിക്ക്‌ ഒരു കൊട്ടാരമുണ്ടായിരുന്നു മുതലക്കുളത്തിനടുത്തായി. അതിനുചുറ്റും ഒരു കോട്ടയും ചുറ്റും കിടങ്ങും ഉണ്ടായിരുന്നതായി നമുക്കറിയാം.എന്നാൽ ഇവയുടെ തിരുശേഷിപ്പുകളൊന്നും തന്നെ കോഴിക്കോട്ട്‌ അവശേഷിക്കുന്നില്ല. ഇത്തരം കത്തുകൾ ഒരർഥത്തിൽ നമ്മുടെ ചരിത്രാന്വേഷണങ്ങളെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്‌. അന്നത്തെ കിടങ്ങിന്റെ സ്ഥാനത്താണ്‌ മുതലക്കുളം വളവിലെ എല്ലാ സ്ഥാപനങ്ങളും ഇന്നിപ്പോൾ ഉയർന്നുവന്നിട്ടുള്ളത്‌. ഇവിടെ ഒരു മുല്ലത്തോട്ടം ഉണ്ടായിരുന്നുവെന്നും ഇവിടെ കാറ്റിന്‌ സുഗന്ധമുണ്ടായിരുന്നുവെന്നും പറഞ്ഞാൽ ആരാണ്‌ ഇക്കാലത്ത്‌ വിശ്വസിക്കുക.

(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *