കോഴിക്കോടിന്റെ മുതലക്കുളം

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ധാരാളം മുതലകളുള്ള കുളമായിരുന്നു കോഴിക്കോട്ടെ മുതലക്കുളം. പക്ഷേ ഇന്നിപ്പോൾ മുതലയില്ല, കുളവുമില്ല. വെറും മൈതാനം മാത്രം.

നഗരത്തിലെ കുളത്തിൽ മുതലകളോ എന്ന് സംശയം ഉയരാം. എന്നാൽ 1908 ലെ നഗരസഭയുടെ മിനുട്സിൽ തളിക്കുളത്തിൽ മുതലകൾ ഉള്ള കാര്യത്തിന് സ്ഥിരീകരണമുണ്ട്. തളിക്കുളത്തിൽ കുളിക്കുന്നവരെ ഉപദ്രവിച്ച മുതലകളെ വെടിവെച്ചു കൊന്നു എന്നാണ് മിനുട്സിലുള്ളത്. 1908 ൽ ഇതാണ് സ്ഥിതിയെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്ന ഈ കുളത്തിലും മുതലകൾ ഉണ്ടെന്ന് ഉറപ്പിക്കാം.

സാമൂതിരി ഭരണത്തിൽ കുറ്റവാളികളെ മുതലകൾക്കിട്ടുകൊടുക്കാറുണ്ടായിരുന്നുവെന്നും ശ്രുതിയുണ്ട്. ഇന്ന് മുതലക്കുളം മൈതാനമായി മാറി. നഗരത്തിലെ ദോബികൾ വസ്ത്രം അലക്കി ഉണക്കാൻ ഉപയോഗിക്കുന്ന സ്ഥലമായി മാറിയിരിക്കുന്നു. വിവിധ സംഘടനകളുടെ പൊതുയോഗങ്ങളും സാധാരണം.

സാമൂതിരിയുടെ കാലത്ത് അവരുടെ അടുക്കളക്കുളമായിരുന്നു ഇത്. ടിപ്പുവിന്റെ ഭരണകാലത്ത് മിഠായിത്തെരുവിലെ മിഠായി വ്യാപാരത്തിന് മങ്ങലേറ്റപ്പോൾ ദോബികളും ബാർബർമാരും ഇവിടേക്ക് കുടുംബസമേതം ചേക്കേറി.

ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ അധീനതയിലായിരുന്നു മുതലക്കുളം. 1904 ൽ മുതലക്കുളത്തിലെ കുറച്ചു വെള്ളം രാസപരിശോധനക്ക് മദിരാശിക്ക് അയച്ചു കൊടുത്തുവെന്നും പരിശോധനയിൽ മോശം ഫലം ലഭിച്ചതിനാൽ കുളം തൂർത്ത് വേലി കെട്ടണമെന്ന് സാനിറ്ററി ഓഫീസർ നഗരസഭയെ അറിയിച്ചുവെന്നും രേഖകളിൽ കാണുന്നു. തുടർന്ന് കുളത്തിനുചുറ്റും വേലി കെട്ടാൻ നഗരസഭ തീരുമാനിച്ചു. കുളം ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ദോബികളും മറ്റും നഗരസഭക്ക് ഹർജി നൽകി. എന്നാൽ വെള്ളമെടുക്കാം എന്നല്ലാതെ കുളിക്കുകയോ അലക്കുകയോ ചെയ്യരുതെന്ന തീരുമാനത്തിലായിരുന്നു സർക്കാർ. പിന്നീട് 240 രൂപ മുടക്കി രണ്ട് കിണർ കുഴിക്കുകയും കുളം നികത്തുകയും ചെയ്തു. 1937 മെയ് 25 ലെ കൽപ്പന പ്രകാരം മുതലക്കുളം മൈതാനം ദോബി ഖാന ആക്കിയും സഞ്ചരിക്കുന്ന പ്രദർശനങ്ങൾക്ക് താൽക്കാലികാനുമതി നൽകിയും വൈകുന്നേരം 5.30 നു ശേഷം പൊതുസമ്മേളനം അനുവദിച്ചും ഉത്തരവായി. ഇന്നും ദോബി ഖാനയായി തുടരുന്നു.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽ നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *