കോഴിക്കോട്: കുട്ടികളിൽ വർധിച്ചുവരുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ ചികിത്സയും ഏകോപിത പരിചരണവും ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റർ മിംസിൽ ‘പീഡിയാട്രിക് ഹാർട്ട് ഫെയിലിയർ ക്ലിനിക്ക്’ പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ഉണ്ടാവുന്ന ഹൃദയ സംബന്ധമായ തകരാറുകൾ കൃത്യസമയത്ത് കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും പ്രത്യേക വൈദ്യ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കിന് രൂപം നൽകിയിരിക്കുന്നത്. ഹൃദയവൈകല്യങ്ങൾ മൂലം ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച ഈ ക്ലിനിക്കിൽ വിദഗ്ധ സേവനം ലഭ്യമാകും.
കുട്ടികളിലെ ഹൃദയത്തിന് പ്രകടമാക്കുന്ന ലക്ഷണങ്ങളും അതിന് നൽകുന്ന ചികിത്സയും താരതമ്യേന മുതിർന്നവരിൽ കാണപ്പെടുന്നതിനേക്കാൾ വ്യത്യസ്തമാണ്. ആരോഗ്യ സംഘടനകളുടെ കണക്കുകൾ വ്യക്തമാക്കുന്നത് ആയിരത്തിൽ എട്ടു കുട്ടികൾക്ക് ജന്മനാ ഹൃദയവൈകല്യങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ്. ജന്മനായുള്ള ഹൃദയവൈകല്യങ്ങൾ, ഹൃദയപേശികളുടെ ബലക്കുറവ് തുടങ്ങി മറ്റു ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൃത്യമായ ചികിത്സ ലഭിക്കാതെ ഹൃദയ സ്തംഭനത്തിലേക്ക് നയിക്കാം. ശ്വാസംമുട്ടൽ, അമിതമായ കിതപ്പ്, പാൽ കുടിക്കാനുള്ള ബുദ്ധിമുട്ട്, ശരീരത്തിലെ നീര്, വളർച്ചക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. കുട്ടികളിലെ ഹൃദയസംബന്ധമായ അസുഖങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ ഭൂരിഭാഗം പ്രശ്നങ്ങളും ശസ്ത്രക്രിയയിലൂടെയോ മരുന്നുകളിലൂടെയോ പരിഹരിക്കാൻ സാധിക്കും. ഇത്തരം സങ്കീർണമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൃത്യമായ ചികിത്സയും മാനസിക പിന്തുണയും നൽകാനാണ് ക്ലിനിക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മലബാർ മേഖലയിലെ ആരോഗ്യരംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള കോഴിക്കോട് ആസ്റ്റർ മിംസ് ഓരോ കുഞ്ഞിനും മികച്ച ക്ലിനിക്കൽ പരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. കൂടാതെ കുട്ടികൾക്ക് മെച്ചപ്പെട്ട ആരോഗ്യവും സാധാരണ ജീവിതവും ഉറപ്പാക്കാനാണ് തങ്ങൾ പുതിയ ക്ലിനിക്കിലൂടെ ആഗ്രഹിക്കുന്നതെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആസ്റ്റർ മിംസ് എ.ജി.എം. ഷീന നമ്പ്യാർ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി രേണു പി. കുറുപ്പ്, ചീഫ് കൺസൾട്ടന്റ് രമ ദേവി കെ.എസ്, ഡോ. നബീൽ ഫൈസൽ, പീഡിയാട്രിക് കാർഡിയാക് സർജന്മാരായ ഡോ. ഗിരീഷ് വാരിയർ, ഡോ. ശബരിനാഥ് മേനോൻ, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് സീനിയർ സ്പെഷ്യലിസ്റ്റ് ഡോ.അരുൺ പി എസ് തുടങ്ങിയവർ പങ്കെടുത്തു. ക്ലിനിക്കിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9961997779 നമ്പറിൽ ബന്ധപ്പെടാം.

