നിപ: കോഴിക്കോട്ട് സമ്പര്‍ക്കപ്പട്ടികയിൽ 116 പേർ

കോഴിക്കോട്: ജില്ലയിൽ നിപ സമ്പര്‍ക്കപ്പട്ടികയിൽ 116 പേരുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയു ചികിത്സയിൽ തുടരുകയാണ്. സംസ്ഥാനത്ത് 499 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

മലപ്പുറം ജില്ലയില്‍ 203 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ടുപേരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലാണ്. മലപ്പുറത്ത് ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയി. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.