സ്‌പർശ്‌ അവേർനെസ്‌ ക്യാമ്പയിൻ: ഗൃഹസന്ദർശനം ഫെബ്രുവരിയിൽ

കോഴിക്കോട്‌: ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന ‘സ്പർശ് ലെപ്രസി അവേർനെസ് ക്യാമ്പയി’ന്റെ ഭാഗമായി ‘അശ്വമേധം’ എന്ന പേരിൽ ഗൃഹസന്ദർശനം അടുത്ത മാസം തുടങ്ങും. 2018 മുതൽ സംസ്ഥാനത്ത് നടന്നുവരുന്ന അശ്വമേധത്തിന്റെ ആറാം ഘട്ടമാണ് ഫെബ്രുവരിയിൽ ആരംഭിക്കുക. ആശാ പ്രവർത്തകരും അങ്കണവ പ്രവർത്തകരുമാണ് ഗൃഹസന്ദർശനം നടത്തുക. 

ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ കാലയളവിൽ ഗ്രാമസഭകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്താനും ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രചാരണപ്രവർത്തനങ്ങൾ നടത്താനും എ.ഡി.എം സി മുഹമ്മദ്‌ റഫീഖിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന യോഗം നിർദേശിച്ചു. 

സ്കൂളുകളിൽ കുഷ്ഠരോഗ നിർമ്മാർജ്ജന പ്രതിജ്ഞയെടുക്കുകയും ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും വേണം.  ജില്ലാ കലക്ടർ അധ്യക്ഷനായി ജില്ലാ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കണം. 

‘എൻഡിങ് സ്റ്റിഗ്മ, എബ്രേസിംഗ് ഡിഗ്നിറ്റി’  എന്നതാണ് ഈ വർഷത്തെ കുഷ്ഠരോഗ നിർമാർജന ദിനത്തിന്റെ മുദ്രാവാക്യം.  

യോഗത്തിൽ ഡി.എം.ഒ ഡോ. എൻ രാജേന്ദ്രൻ, ഡി.എം.ഒ (ഹോമിയോ) ഡോ. കവിത പുരുഷോത്തമൻ,  ഡി.എം.ഒ (ഐ.എസ്.എം) ഡോ. ജെസി പി സി, ജില്ലാപഞ്ചായത്തിലെയും തദ്ദേശസ്വയംഭരണ,  തൊഴിൽ, പൊതുവിദ്യാഭ്യാസ, വനിതാ ശിശുക്ഷേമ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.

ചികിത്സയിലുള്ളത് 103 കുഷ്ഠരോഗ ബാധിതർ; മൂന്ന് പേർ കുട്ടികൾ

കോഴിക്കോട് ജില്ലയിൽ 103 പേരാണ് കുഷ്ഠരോഗ ബാധിതരായി സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത്.  ഇതിൽ 22 പേർ നേരത്തെ രോഗം ബാധിച്ചു പുനർചികിത്സ നടത്തുന്നവരാണ്. രാജ്യവ്യാപകമായി ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെയാണ് ‘സ്പർശ് ലെപ്രസി അവേർനെസ് ക്യാമ്പയിൻ’ (കുഷ്ഠരോഗ നിർമാർജനം) ആചരിച്ചുവരുന്നത്. 

98 പേർ മൾട്ടിബാസിലറി രോഗികൾ

ജില്ലയിൽ ആകെയുള്ള രോഗികളിൽ 98 പേരും മൾട്ടിബാസിലറി (multibacillary) രോഗികളാണ്. ആകെ രോഗികളിൽ മൂന്നുപേർ കുട്ടികളും രണ്ടു പേർ രോഗം മൂലം അംഗവൈകല്യം ബാധിച്ചവരുമാണ്.  103 രോഗികളിൽ 21 പേർ ഇതര സംസ്ഥാനക്കാരാണ്.കുഷ്ഠരോഗം നിർമാർജനം ചെയ്യാനായുള്ള സുസ്ഥിര വികസന ലക്ഷ്യത്തിൽ രോഗവ്യാപന നിരക്കെടുത്താൽ പതിനായിരത്തിൽ 0.241 ആണ് ജില്ലയിലെ സ്ഥിതി. രോഗവ്യാപന നിരക്ക് പതിനായിരത്തിൽ 0.1 ആയി കുറയ്ക്കാൻ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. കുട്ടികളിലെ രോഗബാധയിൽ ദശലക്ഷത്തിൽ 0.89 ആണ് നിലവിലെ സ്ഥിതി. ഇത് ദശലക്ഷത്തിൽ 0.6 ആയി കുറച്ചുകൊണ്ടുവരലാണ് ലക്ഷ്യം. രോഗികളിലെ അംഗവൈകല്യ നിരക്ക് ദശലക്ഷത്തിൽ ഒന്ന് എന്ന ലക്ഷ്യം കൈവരിച്ച ജില്ലയിൽ നിലവിലെ സ്ഥിതി ദശലക്ഷത്തിൽ 0.59 ആണ്. കുഷ്ഠ രോഗബാധിതരായ കുട്ടികളിലെ വൈകല്യം എന്ന വിഭാഗത്തിലും ജില്ല ലക്ഷ്യം നേടിയതാണ്. ഇങ്ങനെയുള്ള ഒരു കുട്ടിയും ജില്ലയിൽ ഇല്ല.

ReplyForwardAdd reaction

Leave a Reply

Your email address will not be published. Required fields are marked *