തെരഞ്ഞെടുപ്പ്: അച്ചടിശാലകൾ നിബന്ധനകൾ പാലിക്കണം

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്ററുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ 1951 ലെ ജനപ്രാതിനിധ്യ നിയമം 127 എ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

അച്ചടി ജോലികള്‍ ഏറ്റെടുക്കുന്നതിനു മുമ്പായി അവ ഏല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്ന് നിര്‍ദ്ദിഷ്ട മാതൃകയില്‍ സത്യവാങ്മൂലത്തിന്റെ രണ്ട് പകര്‍പ്പുകള്‍ പ്രസ്സ് ഉടമകള്‍ വാങ്ങി സൂക്ഷിക്കണം. പ്രസിദ്ധീകരിക്കുന്ന ആളും രണ്ട് സാക്ഷികളും സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചിരിക്കണം.

അച്ചടിക്കുന്ന പ്രചാരണ സാമഗ്രികളില്‍, പ്രിന്ററുടെയും പ്രസിദ്ധീകരിക്കുന്ന ആളിന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കണം. ഇവയുടെ രണ്ട് പകര്‍പ്പുകളും സത്യവാങ്മൂലത്തിന്റെ ഒരു കോപ്പിയും അച്ചടി കഴിഞ്ഞ് മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.

ഇത് പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ 1951- ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *