കോഴിക്കോട്: സംസ്ഥാനത്തിന്റെ കായികവളർച്ചയിൽ സംഭാവന ചെയ്യാൻ കോളേജ് സ്പോർട്സ് ലീഗിന് കഴിയുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളേജ് പ്രൊഫഷണൽ സ്പോർട്സ് ലീഗ് (സി എസ് എൽ) ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായികരംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർവകലാശാലകൾക്ക് കഴിയുമെന്നും സ്പോർട്സ് ഇക്കോണമിയിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം വളർച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നടന്ന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ ഡിനോജ് സെബാസ്റ്റ്യൻ അടക്കമുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. കാലിക്കറ്റ് സർവകലാശാല സ്പോർട്സ് ഡയറക്ടർ ഡോ സക്കീർ ഹുസൈൻ സ്വാഗതവും സ്പോർട്സ് കേരള ഫൗണ്ടേഷൻ സി ഒ ഒ അജയകുമാർ നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മത്സരത്തിൽ പങ്കെടുക്കുന്ന 16 ടീമുകൾ ഗ്രൗണ്ടിൽ മാർച്ച് പാസ്റ്റ് നടത്തി. വൈസ് ചാൻസിലർ ഡോ പി രവീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. 16 ടീമുകളുടെയുൾപ്പെടെ 20 പതാകകൾ ഉയർത്തി. സി എസ് എല്ലിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരങ്ങൾ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ശനിയാഴ്ച തുടങ്ങും. വോളിബോൾ മത്സരങ്ങൾ എംജി സർവകലാശാലയിൽ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും.
സി എസ് എൽ കേരള സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ വിനോദസഞ്ചാരം അടക്കമുള്ള മേഖലകളിലൂടെ പരിപോഷിപ്പിക്കാനും ക്യാമ്പസുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയതലത്തിൽ കേരളത്തിലുള്ള കായിക പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ലക്ഷ്യമിടുന്നു. സി എസ് എൽ ലോഗോ പ്രകാശനം കായികമന്ത്രി വി അബ്ദുറഹിമാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ ചേർന്ന് നേരത്തെ അനാച്ഛാദനം ചെയ്തിരുന്നു.
കായികവളർച്ചയിൽ സി എസ് എൽ സംഭാവന ചെയ്യും: മന്ത്രി

