‹

കായിക കേരളത്തിന്റെ അഭിമാനതാരങ്ങൾ കളിക്കളത്തിൽ

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആവേശനിമിഷങ്ങൾ

കോഴിക്കോട്: കായികകേരളത്തിന്റെ ഓർമ്മച്ചെപ്പിൽ പൊൻതൂവലായി മാറിയ അവിസ്മരണീയമായ നിമിഷങ്ങൾക്ക് 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ പ്രധാന വേദിയായ എൻ.ഐ.ടി മേജർ ധ്യാൻചന്ദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. അന്താരാഷ്ട്ര തലത്തിലും ഒളിമ്പിക്‌സിലും ഇന്ത്യയുടെ ത്രിവർണ പതാക വാനോളമുയർത്തിയ പ്രതിഭകൾ ഒന്നിച്ച് വേദിയിലെത്തി മേളയെയും വളർന്നുവരുന്ന കുട്ടിത്താരങ്ങളെയും അഭിവാദ്യം ചെയ്തപ്പോൾ സ്റ്റേഡിയം ആവേശക്കടലായി മാറി. ഭാവിയിലെ ചാമ്പ്യന്മാർക്ക് വലിയൊരു പ്രചോദനവും ഊർജവും പകരുന്നതായിരുന്നു കായികലോകത്തെ പ്രമുഖരുടെ സാന്നിധ്യം.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവും ഖേൽരത്‌ന-പദ്മശ്രീ പുരസ്‌കാര ജേതാവുമായ അഞ്ജു ബോബി ജോർജ്, ഇന്ത്യൻ ഹോക്കിയുടെ ‘ദി ഗ്രേറ്റ് വാൾ’ എന്നറിയപ്പെടുന്ന പാരീസ്-ടോക്കിയോ ഒളിമ്പിക്‌സ് മെഡലിസ്റ്റ് പി.ആർ. ശ്രീജേഷ് എന്നിവർക്കൊപ്പം 400 മീറ്റർ ഹർഡിൽസിൽ ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ നേടിയ ആദ്യ ഇന്ത്യൻ പുരുഷ താരമായ ജോസഫ് ജെ. എബ്രഹാം, 800, 1500 മീറ്ററുകളിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ ഒളിമ്പ്യൻ ജിൻസൺ ജോൺസൺ എന്നിവരും ആവേശനിമിഷങ്ങൾക്ക് സാക്ഷിയാകാൻ ഒന്നിച്ചെത്തി.

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടങ്ങളിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ ‘പാലക്കാടൻ കാറ്റ്’ പി.യു. ചിത്ര, 4×400 മീറ്റർ റിലേയിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവും ഒളിമ്പ്യനുമായ കുഞ്ഞുമുഹമ്മദ്, ഏഷ്യൻ ഗെയിംസ് റിലേ സ്വർണമെഡൽ ജേതാവായ വി.കെ. വിസ്മയ എന്നിവരും കുട്ടിത്താരങ്ങൾക്ക് നവവഴികൾ കാട്ടി വേദിയിൽ അണിനിരന്നു. തങ്ങളുടെ കായിക ജീവിതത്തിലെ പോരാട്ടവീര്യവും അനുഭവസമ്പത്തും ഓർമ്മിപ്പിച്ചുകൊണ്ടാണ് അഭിമാന താരങ്ങൾ മേളയ്ക്കും അതിൽ പങ്കെടുക്കുന്ന നവാഗത കായികപ്രതിഭകൾക്കും ആശംസകൾ നേർന്നത്.

നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലോകത്തിന്റെ ഉച്ചകോടിയിൽ എത്താൻ ഏതൊരു കായികതാരത്തിനും സാധിക്കുമെന്ന വലിയ സന്ദേശം നൽകിയ നിമിഷം, സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഏടുകളിലൊന്നായി മാറി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000