‹

വെസ്റ്റ് നടക്കാവിൽ പുതിയ ആധാർ സേവാ കേന്ദ്രം

കോഴിക്കോട്: യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ.) പുതിയ ആധാർ സേവാ കേന്ദ്രം വെസ്റ്റ് നടക്കാവ് ബിലാത്തിക്കുളം റോഡിലെ റിറ്റ്സ് ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി. അസിസ്റ്റന്റ് കലക്ടർ മാളവിക ജി. നായർ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബെംഗളൂരു റീജണൽ ഓഫീസും തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ യു.ഐ.ഡി.എ.ഐ. സ്റ്റേറ്റ് ഡയറക്ടർ വിനോദ് ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന 14 ആധാർ സേവാ കേന്ദ്രങ്ങളിൽ ഒൻപതാമത്തേതാണ് കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചത്.

പുതിയ ആധാർ എൻറോൾമെന്റ്, ആധാർ വിവരങ്ങളിലെ തിരുത്തലുകൾ, ഫോട്ടോയും വിരലടയാളവും ഐറിസും ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ പുതുക്കൽ, പൊതുജനങ്ങളുടെ പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾ കേന്ദ്രത്തിൽ ലഭ്യമാണ്.

പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് 5:30 വരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനസമയം. പൊതുജനങ്ങൾക്ക് bookappointment.uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തും സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താം. ആധാർ സേവനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

സ്റ്റേറ്റ് സെക്ഷൻ ഓഫീസർ സോഫ്ജി എസ്. ഭദ്രൻ, അസിസ്റ്റന്റ് മാനേജർ സെയ്ദ് അലി അഹമ്മദ് ഷാ, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ കോഴിക്കോട് ജില്ലാ പ്രോജക്ട് മാനേജർ എൻ എസ് അജിഷ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000