സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായിഗവ. സൈബർ പാർക്കും വാട്ടിൽ കോർപ്പും
കോഴിക്കോട്: സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി വാട്ടിൽകോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സും ഗവ. സൈബർപാർക്കും ചേർന്ന് ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. പരിപാടിയിൽ സൈബർപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു.
യഥാർഥ സൈബർ ആക്രമണങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്ന് പ്രായോഗികമായി മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് സെഷൻ ഒരുക്കിയത്. തത്സമയ പ്രദർശനങ്ങളിലൂടെ സൈബർ ആക്രമണങ്ങൾ എങ്ങനെ നടക്കുന്നു എന്നും തട്ടിപ്പുകാർ സ്ഥാപനങ്ങളുടെ രഹസ്യ വിവരങ്ങളിലേക്ക് എങ്ങനെ പ്രവേശിക്കുന്നു എന്നും വാട്ടിൽകോർപ്പിലെ സുരക്ഷാ വിദഗ്ധർ വിശദീകരിച്ചു.
ദൈനംദിന പ്രവർത്തനങ്ങളിലെ ചെറിയ സുരക്ഷാ വീഴ്ചകൾ പോലും വലിയ സൈബർ ആക്രമണങ്ങൾക്ക് കാരണമാകാമെന്ന് വ്യക്തമാക്കുന്നതായിരുന്നു സെഷൻ. ഡീപ്ഫേക്ക് വീഡിയോ, ശബ്ദം എന്നിവ ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരെ അനുകരിച്ച് പണം തട്ടുന്നതും രഹസ്യ വിവരങ്ങൾ കൈക്കലാക്കുന്നതും എങ്ങനെയെന്ന് വിശദീകരിച്ചതിനോടൊപ്പം ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയാനും തടയാനും സഹായിക്കുന്ന പ്രായോഗിക മാർഗങ്ങളും പങ്കുവെച്ചു.
സൈബർപാർക്കിലെ കമ്പനികളിൽ സൈബർ സുരക്ഷാ ബോധവൽക്കരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിച്ചത്. ഐ.ടി. ജീവനക്കാർക്കൊപ്പം സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും സൈബർ സുരക്ഷയെക്കുറിച്ചുള്ള അറിവ് ആവശ്യമാണെന്ന് സെഷൻ ഓർമിപ്പിച്ചു.
2018-മുതൽ പ്രവർത്തിക്കുന്ന വാട്ടിൽ കോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സ് കോഴിക്കോട് ഗവൺമെന്റ് സൈബർപാർക്ക് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. 14 രാജ്യങ്ങളിലായി 500-ലധികം ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നുണ്ട്. സൈബർ സുരക്ഷ, ആപ്ലിക്കേഷൻ, ക്ലൗഡ് സുരക്ഷ, ഡാറ്റാ സ്വകാര്യത, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള കൺസൾട്ടിംഗ്, മാനേജ്ഡ് സെക്യൂരിറ്റി സേവനങ്ങൾ എന്നിവയാണ് പ്രധാന സേവനങ്ങൾ. ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ, യു.എസ്.എ. എന്നിവിടങ്ങളിലും വാട്ടിൽകോർപ്പിന് ഓഫീസുകളുണ്ട്.