കോഴിക്കോട്: മലയാള മനോരമ മുൻ ചീഫ് റിപ്പോർട്ടർ സഞ്ജയ് ചന്ദ്രശേഖറിൻ്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് മലയാള മനോരമ കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ കെ പി സഫീന അർഹയായി. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എഐ ക്യാമറ ഇടപാടിലെ അഴിമതികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് സഫീനയെ അവാർഡിന് അർഹയാക്കിയത്.
2022 നവംബർ ഒന്നു മുതൽ 2023 ഒക്ടോബർ 31 വരെ മലയാള പത്രങ്ങളിലും വാരികകളിലും പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകളാണ് അവാർഡിന് പരിഗണിച്ചത്.
മലയാള മനോരമ മുൻ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയം, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, ദീപിക മുൻ അസോഷ്യേറ്റ് എഡിറ്റർ സജി ജെ സിറിയക് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.

