ബോട്ടപകടങ്ങള്‍ തടയല്‍: കമീഷന്‍ തെളിവെടുപ്പും ഹിയറിങ്ങും നടത്തി

കോഴിക്കോട്: ബോട്ടപകടങ്ങള്‍ തടയുന്നതിനും സുരക്ഷിത യാത്രയൊരുക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി താനൂര്‍ ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്‍, കമീഷന്‍ അംഗം ഡോ. കെ പി നാരായണന്‍ എന്നിവര്‍ എലത്തൂരിലും ബേപ്പൂരിലും പൊതു തെളിവെടുപ്പും ഹിയറിങ്ങും നടത്തി.
താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍, ഭാവിയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട പരിഹാരമാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തുന്ന രണ്ടാംഘട്ട ഹിയറിങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് കമീഷന്‍ പറഞ്ഞു. മുമ്പ് നടന്ന ബോട്ടപകടങ്ങളെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ കമീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികളും കമീഷന്‍ അവലോകനം ചെയ്യുന്നുണ്ട്.

ഭാവിയില്‍ ബോട്ടപകടങ്ങള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങളും നിലവിലെ ലൈസന്‍സിങ്, എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ഹിയറിങ്ങില്‍ സമര്‍പ്പിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, ബോട്ടുടമകള്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനെത്തി. ഒക്ടോബര്‍ 23 വരെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കമീഷന്‍ തെളിവെടുപ്പും ഹിയറിങ്ങും നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *