‹

സ്ത്രീസുരക്ഷാ സന്ദേശവുമായി ‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിൻ

കോഴിക്കോട്: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 16 ദിവസത്തെ ‘ഓറഞ്ച് ദ വേൾഡ്’ ആഗോള ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. സ്ത്രീകൾ നേരിടുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങളും വിവേചനങ്ങളും ചെറുക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവബോധവും കൂട്ടായ പ്രവർത്തനവും അനിവാര്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു.

അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ മുഖ്യാതിഥിയായി. ജില്ലാ വനിതാ-ശിശു വികസന ഓഫീസർ ടി. ഹഫ്സത്ത്, പ്രോഗ്രാം ഓഫീസർ പി.പി. അനിത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സി.പി.ഒ. വുമൺ സെൽ പ്രതിനിധി ധന്യ മാത്യു, ജില്ലാ കുടുംബശ്രീ മിഷൻ പ്രതിനിധി നിഷിദ ഷൈബുനി, ഡി.എച്ച്.ഇ.ഡബ്ല്യു. ജില്ലാ കോ- ഓർഡിനേറ്റർ ശരണ്യ സുരേഷ് എന്നിവർ സംസാരിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, എൻ.എസ്.എസ്., എൻ.സി.സി. കേഡറ്റുകൾ എന്നിവരുടെ പങ്കാളിത്തത്തോടെ ബോധവത്കരണ ബൈക്ക് റാലിയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. സ്ത്രീസുരക്ഷ, ലിംഗസമത്വം, അതിക്രമങ്ങൾക്കെതിരായ പ്രതിരോധം തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ റാലിയിൽ പ്രദർശിപ്പിച്ചു. ജില്ലാ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി. ഫാറൂഖ് കോളേജ്, എം.ഇ.എസ്. ചാത്തമംഗലം, ഹോളി ക്രോസ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള എൻ.എസ്.എസ്. വളണ്ടിയർമാർ പരിപാടിയിൽ പങ്കാളികളായി.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹത്തിന്റെ കൂട്ടായ ഇടപെടൽ ഉറപ്പാക്കുക, സ്ത്രീകൾക്ക് സുരക്ഷിതവും തുല്യനീതിയുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ. ക്യാമ്പയിനിന്റെ ഭാഗമായുള്ള വിവിധ ബോധവത്കരണ പരിപാടികൾ ഡിസംബർ 10 വരെ ജില്ലയിൽ തുടരും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000