കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ നിർത്തലാക്കിയ ബാർബർ തസ്തിക 15 ദിവസത്തിനകം പുന:സ്ഥാപിക്കാൻ തീരുമാനമായി. ബാർബർ തസ്തിക നിർത്തലാക്കിയത് മൂലം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ചുള്ള പത്രവാർത്തയെ തുടർന്ന് കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റിയിൽ പാരാ ലീഗൽ വളണ്ടിയർ ചന്ദ്രൻ നൽകിയ പരാതിയിൽ നടന്ന ഓൺലൈൻ അദാലത്തിലാണ് തീരുമാനം.
പരാതിയെ തുടർന്ന് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ്, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് എന്നിവർക്കെതിരെ ജില്ലാ നിയമസേവന അതോറിറ്റി കേസെടുത്തിരുന്നു. അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് ഡോ. നന്ദകുമാർ, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രൻ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡെപ്യൂട്ടി സൂപ്രണ്ട് ലാലു ജോൺസ് എന്നിവർ ഓൺലൈൻ അദാലത്തിൽ പങ്കെടുത്തു. ഓൺലൈൻ അദാലത്തിന് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എംപി ഷൈജൽ നേതൃത്വം നൽകി.

