വയനാട്ടിൽ വൻ ഉരുൾപൊട്ടൽ; 21 മൃതദേഹം കണ്ടെത്തി


നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വൻ ഉരുൾപൊട്ടൽ. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. പ്രദേശത്തുനിന്ന് 21 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഇതിൽ ഒരാൾ വിദേശിയെന്നാണ് റിപ്പോർട്ട്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലുണ്ട്. മുണ്ടക്കൈയിലെ  പൊലീസും ഫയർഫോഴ്‌സും ജനപ്രതിനിധികളും നിലവിൽ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്.

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതുകൊണ്ട് അതിവേഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു. രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും. വയനാട്ടിലെ എസ്കെഎംജെ സ്കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *