കോഴിക്കോട്: കോർപറേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമായ ടെക്നോവേൾഡ് തേർഡ് ഐടി യൂണിറ്റിന് ദേശീയ അംഗീകാരം. കേന്ദ്ര പാർപ്പിട നഗര കാര്യ മന്ത്രാലയത്തിന്റെ മികച്ച വനിതാ സംരംഭകർക്കുള്ള അവാർഡിനാണ് ഐടി യൂണിറ്റ് അർഹരായത്. ദേശീയ തലത്തിൽ ആറ് സംരംഭങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
കേരളത്തിൽ നിന്നും അംഗീകാരത്തിന് അർഹരായ ഏക സംരംഭവും ടെക്നോവേൾഡ് തേർഡ് ഐടി യൂണിറ്റാണ്. കോർപ്പറേഷൻ പരിധിയിലെ അഞ്ചു വനിതകൾ ചേർന്നാണ് 2004 മാർച്ച് 18 ന് ഐടി യൂണിറ്റ് ആരംഭിച്ചത്. ഇരുപതാം വാർഷികം ആഘോഷിക്കുന്ന സമയത്ത് ലഭിച്ച ഈ അവാർഡ് സംരംഭകർക്ക് ഏറെ പ്രചോദനം നൽകുന്നതാണ്. നിലവിൽ കോർപറേഷൻ കിയോസ്ക്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഇ സേവാ കേന്ദ്ര, വിവിധ ഹോസ്പിറ്റൽ കിയോസ്‌കുകൾ, ടെക്നോവേൾഡ് ട്രെയിനിംഗ് സെൻറർ, പ്ലാൻ ഫെസിലിറ്റേഷൻ സെൻറർ, വിവിധ സർക്കാർ വകുപ്പുകളുടെ ഡാറ്റാ എൻട്രി, പ്രിന്റിങ് പ്രസ് എന്നിവ ഐ ടി യൂണിറ്റ് നേരിട്ട് നടത്തുന്നുണ്ട്. കൂടാതെ ഡാറ്റാ എൻട്രി പ്രിന്റിംഗ് എന്നീ മേഖലകളിൽ സർക്കാറിന്റെ അംഗീകൃത ഏജൻസി കൂടിയാണ് യൂണിറ്റ്.
സർക്കാർ സ്ഥാപനങ്ങളുടെ ഡാറ്റാ എൻട്രി, പ്രിന്റിംഗ് വർക്കുകൾ ടെണ്ടർ നടപടികളില്ലാതെ യൂണിറ്റിന് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് നിലവിലുണ്ട്. 60 വനിതകൾക്ക് സ്ഥിരമായും 1500 ലധികം വനിതകൾക്ക് താൽക്കാലികമായും തൊഴിൽ നൽകാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. മാർച്ച് ആറിന് ഹരിയാനയിലെ ഗുരുഗ്രാമിൽ നടക്കുന്ന ചടങ്ങിൽ യൂണിറ്റ് അംഗങ്ങൾ അവാർഡ് ഏറ്റുവാങ്ങും.
അംഗീകാര നിറവിൽ കുടുംബശ്രീ ഐടി യൂണിറ്റ്

