കളിയാംവള്ളി, തയ്യിൽ പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
കോഴിക്കോട്: സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലേക്കും അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാഹി കനാലിനു കുറുകെയുള്ള കളിയാംവള്ളി പാലത്തിന്റെയും തയ്യിൽ പാലത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ പത്തു വർഷത്തിനിടെ 1,10,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കിഫ്ബി മുഖേന മാത്രം നടപ്പാക്കിവരുന്നത്. ദശാബ്ദങ്ങൾ കാത്തിരുന്നാൽ പോലും പൂർത്തിയാകില്ലെന്ന് കരുതിയ വികസന പദ്ധതികൾ ഈ സർക്കാരിന്റെ കാലയളവിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. 150ലധികം പാലങ്ങൾ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നിർമിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വടകര-മാഹി കനാൽ നാലാം റീച്ചിൽ ഉൾപ്പെട്ട കളിയാംവള്ളി പാലം ഉൾനാടൻ ജലഗതാഗത വകുപ്പ് അനുവദിച്ച 32.86 കോടി രൂപ ഉപയോഗിച്ച് ദേശീയ ജലപാത മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പുനർനിർമിക്കുക. 42 മീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിൽ ആർച്ച് പാലമായാണ് നിർമ്മാണം. നിലവിലുള്ള ഇടുങ്ങിയ പാലം ബോട്ടുകൾക്ക് കടന്നുപോകാൻ ജലനിരപ്പിൽനിന്ന് 6 മീറ്റർ ഉയരത്തിലാണ് പുനർനിർമിക്കുക. വടകര-മാഹി കനാൽ അഞ്ചാം റീച്ചിൽ എടച്ചേരി, ഏറാമല ഗ്രാമപഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തയ്യിൽ പാലത്തിന്റെ നിർമാണത്തിന് 4.02 കോടി രൂപയാണ് അടങ്കൽ തുക. 72 മീറ്റർ നീളവും 11.5 മീറ്റർ വീതിയുമുണ്ടാകുന്ന പാലത്തിന് ഇരു വശങ്ങളിലുമായി 400 മീറ്റർ അപ്രോച്ച് റോഡുമുണ്ടാകും.
എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. കെ കെ രമ എംഎൽഎ മുഖ്യാതിഥിയായി. ഇൻലാൻഡ് നാവിഗേഷൻ ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സുശീൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോപാലൻ, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ രജില, ടി പി പുരുഷു, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ടി പി മിനിക, ജലഗതാഗത ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ വി സുശീൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.