സംഘടനാ ശക്തീകരണം: ഐഎൻഎൽ  സെക്രട്ടറിയേറ്റ് യോഗം 22-ന്

കോഴിക്കോട്: മുന്നണിയിലെ ഘടകകക്ഷികൾ സംഘടനാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ നാഷണൽ ലീഗും (ഐഎൻഎൽ) സംഘടനാ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ശക്തവുമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

ദേശീയ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 22-ന് കോഴിക്കോട് ഒരു ദിവസം മുഴുവൻ നീളുന്ന  സെക്രട്ടറിയേറ്റ് യോഗം ചേരും. സംഘടന നേരിടുന്ന വിവിധ പ്രശ്നങ്ങളും നിലവിലുള്ള ദൗർബല്യങ്ങളും വിശദമായി പരിശോധിക്കുന്നതിൻ്റെ മുന്നോടിയായി പാർട്ടി പ്രവർത്തകർ, നേതാക്കൾ, അനുഭാവികൾ എന്നിവരിൽനിന്നും സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി സ്വതന്ത്രമായ അഭിപ്രായ സ്വരൂപണവും നിർദ്ദേശങ്ങളും സമാഹരിച്ചിരുന്നു. ഇതിനെ ആസ്പദിച്ച് തയ്യാറാക്കിയ കരട് റിപ്പോർട്ട് ചർച്ചചെയ്ത് തിരുത്തൽ നടപടികളും പ്രവർത്തന രേഖയും സെക്രട്ടറിയേറ്റ് തയ്യാറാക്കും. ശേഷം വിശാല പ്രവർത്തകസമിതി ചേർന്ന് അന്തിമ പ്രവർത്തന രേഖ തയ്യാറാക്കും.

സംഘടനയുടെ മുകൾത്തട്ടുമുതൽ താഴെത്തട്ടുവരെയുള്ള പ്രവർത്തന സംവിധാനങ്ങൾ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ രൂപപ്പെടുത്തും. പാർട്ടിയുടെ പ്രവർത്തനം കൂടുതൽ സജീവവും ഏകോപിതവും കാര്യക്ഷമവുമാക്കി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കർമപദ്ധതികൾക്കും യോഗം രൂപം നൽകുമെന്നും സംസ്ഥാന പ്രസിഡൻ്റ്  അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000