മാനവമൈത്രി സംഗമം നാളെ കോഴിക്കോട് സ്വപ്‌ന നഗരിയിൽ

കോഴിക്കോട്: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാനവമൈത്രി സംഗമം നാളെ (നവംബര്‍ 4) ഉച്ചക്ക് 2.30 മുതല്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. ‘വിശ്വാസം, മൈത്രി, മാനവികത’ എന്ന സന്ദേശത്തില്‍ ആത്മീയ നേതാക്കളും പണ്ഡിതരും പങ്കെടുക്കുന്ന സംഗമം സംവാദ പരിപാടിയായാണ് സംഘടിപ്പിക്കുന്നത്. വര്‍ഗീയതക്കെതിരെ യഥാര്‍ഥ മതവിശ്വാസങ്ങള്‍ മുന്നോട്ടുവെക്കുന്ന മൈത്രിയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ് ഉദ്ഘാടനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാനും ചലച്ചിത്ര ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷനാകും. ശാന്തിഗിരി ആശ്രമം ജന. സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഡോ. ദിവ്യ എസ് അയ്യര്‍ ആമുഖ പ്രഭാഷണം നടത്തും. എസ്.വൈ.എസ് കേരള പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ബിഷപ്പ് ഡോ. റോയ്‌സ് മനോജ് വിക്ടര്‍, സി എച്ച് മുസ്തഫ മൗലവി, പ്രവ്രാജിക രാധാ പ്രാണ മാതാജി, ഡോ. എം സത്യന്‍, കരിവെള്ളൂര്‍ മുരളി തുടങ്ങിയവര്‍ സംസാരിക്കും. 

അനിത ഷേഖിന്റെയും സംഘത്തിന്റെയും സൂഫി സംഗീതം, ഡോ. വാഴമുട്ടം ചന്ദ്രബാബു ഒരുക്കുന്ന മതമൈത്രി സംഗീതാര്‍ച്ചന, മാനവ സംഗീതിക സംഘത്തിന്റെ മാനവ ഗീതങ്ങള്‍, ലൗലി ജനാര്‍ദനന്‍ ഒരുക്കുന്ന മതസൗഹാര്‍ദ ഗാനം എന്നിവയും വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെ കേരളീയ രംഗകലകളും ഡിജിറ്റല്‍ ദൃശ്യസാധ്യതകളും സമന്വയിപ്പിക്കുന്ന ‘നമ്മളൊന്ന്’ സാംസ്‌കാരിക ദൃശ്യപാഠവും അരങ്ങേറും.