റവ. ഫാ. സെബാസ്റ്റ്യൻ പൂണോളി അന്തരിച്ചു
കോഴിക്കോട്: സി.എം.ഐ. സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസ് അംഗമായിരുന്ന റവ. ഫാ. സെബാസ്റ്റ്യൻ പൂണോളി (86) നിര്യാതനായി.
എറണാകുളം–അങ്കമാലി അതിരൂപതയിലെ കൈപ്പട്ടൂർ വ്യാകുലമാതാ ഇടവകാംഗമായ അദ്ദേഹം പൂണോളി ജോർജ്–കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1940 ജൂൺ 16-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1954-ൽ സി.എം.ഐ. സഭയിൽ പ്രവേശിച്ചു. ചെന്നൈ ലയോള കോളേജിൽ നിന്നും ബിരുദവും തിരിച്ചിരപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തവും ബിരുദവും പൂർത്തിയാക്കി. ധർമ്മരാം കോളേജിൽ തത്വശാസ്ത്ര–ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കിയശേഷം 1974 ഡിസംബർ 30 ന് പൗരോഹിത്യം സ്വീകരിച്ചു.
1975 മുതൽ 1981 വരെ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. പ്രശസ്ത അധ്യാപകനായിരുന്ന അദ്ദേഹം ‘ജൂനിയർ ഷെപ്പേർഡ്’ എന്ന ഖ്യാതി നേടി. 1981 മുതൽ 1987 വരെ സി.എം.ഐ. കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാളായിരുന്നു. സി.എം.ഐ. സഭയുടെ വികാരി ജനറാൾ, ബാംഗ്ലൂർ ധർമ്മാരാം കോളേജ് റെക്ടർ, ക്രൈസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ,കോഴിക്കോട് പ്രൊവിൻസ് നോവിസ് മാസ്റ്റർ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ പ്രവർത്തിച്ചു. ഭാഷാ പണ്ഡിതനും, എഴുത്തുകാരനും നിയമോപദേഷ്ടാവും അധ്യാപകനുമായിരുന്ന ഫാ. സെബാസ്റ്റ്യൻ ദേവഗിരി ആശ്രമത്തിൽ വിശ്രമജീവിതം നയിക്കേയാണ് അന്ത്യം. ത്രേസ്യാമ്മ, ആലീസ്, പരേതരായ ജോസഫ്, അന്നമ്മ, മറിയാമ്മ, അച്ചാമ്മ, ക്ലാര എന്നിവർ സഹോദരങ്ങളാണ്.
ഭൗതിക ശരീരം നവംബർ നവംബർ 2 ന് വൈകിട്ട് 5 മണിക്ക് ദേവഗിരി സെന്റ് ജോസഫ്സ് ആശ്രമത്തിൽ പൊതുദർശനത്തിന് വച്ചശേഷം നവംബർ 3 ന് ഉച്ചകഴിഞ്ഞു 2 മണിക്ക് ദേവഗിരി സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടത്തും.