കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കോഴിക്കോട് ഫറോക്ക് സബ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ജലീലിനെയാണ് വിജിലൻസ് പിടികൂടിയത്. ഫറോക്ക് സബ് ആർടിഒയുടെ കീഴിലുള്ള ഒരു വാഹനപ്പുക പരിശോധന കേന്ദ്രത്തിന്റെ ലോഗിൻ ഐഡിയുടെ ബ്ലോക്ക് നീക്കം ചെയ്യാൻ വേണ്ടിയാണ് എംവിഐ കൈക്കൂലി ആവശ്യപ്പെട്ടത്.
ഞായറാഴ്ച അവധി ദിവസമായതിനാൽ വീട്ടിൽ എത്തി കൈക്കൂലിത്തുക നൽകാൻ ജലീലിൽ പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ ജലീലിന്റെ അഴിഞ്ഞിലത്തെ വീട്ടിൽ ഫിനോഫ്തലിൻ പുരട്ടിയ പണം എത്തിച്ച് നൽകി. പിന്നാലെ മഫ്ടിയിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ജലീലിനെ കൈയോടെ പിടികൂടി.
ഫറോക്ക് പ്രവർത്തിക്കുന്ന വാഹനപ്പുക പരിശോധന കേന്ദ്രത്തിന്റെ ലോഗിൻ ഐഡി ജലീൽ ബ്ലോക്ക് ചെയ്തിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന സമയത്ത് കടയുടമ ഇല്ലെന്ന് പറഞ്ഞാണ് എവിഐ ലോഗിൻ ഐഡി ബ്ലോക്ക് ചെയ്തത്. ഇത് വീണ്ടെടുക്കുന്നതിന് ജലീൽ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ പണം നൽകി ഇറങ്ങിയതിന് പിന്നാലെ മഫ്ടിയിൽ വിജിലൻസ് ഉദ്യോഗസ്ഥർ എത്തി. ഇവരെ കണ്ട ജലീൽ ഉടൻ പണം അടുക്കളയിൽ ചാക്കിനുള്ളിലേക്ക് മാറ്റി. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കൈക്കൂലിത്തുക ചാക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ജലീലിനെതിരെ നേരത്തെ നിരവധി തവണ പരാതി ലഭിച്ചിരുന്നു. എന്നാൽ മതിയായ തെളിവ് ലഭിച്ചിരുന്നില്ല. ഡ്രൈവിങ് സ്കൂളുകളിൽ നിന്നും പണം വാങ്ങി അനധികൃതമായി ലൈസൻസ് ടെസ്റ്റ് പാസാക്കി നൽകാറുണ്ടെന്നുള്ള നിരവധി പരാതിയാണ് ലഭിച്ചിട്ടുള്ളതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ ജലീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സസ്പെൻഷൻ തുടങ്ങിയ വകുപ്പ്തല നടപടികൾ ഉണ്ടാകുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

