ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡ് വികസനത്തിന് 150.46 കോടിയുടെ പുതുക്കിയ അനുമതി

കോഴിക്കോട്: ജില്ലയിലെ ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡ് വികസന പദ്ധതിക്ക് കിഫ്ബിയുടെ 150.46 കോടി രൂപയുടെ പുതുക്കിയ അനുമതി ലഭിച്ചു. ബേപ്പൂര്‍ ജങ്ഷനില്‍നിന്ന് ചെറുവണ്ണൂര്‍ ജങ്ഷന്‍ വരെ 2.65 കിലോമീറ്റര്‍ നീളമുള്ള റോഡാണ് വികസിപ്പിക്കുന്നത്.

നിലവിലുള്ള റോഡ് 24 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാതയായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നടപ്പാതയും അഴുക്കുചാലും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ചെറിയ പാലം പുതുക്കിപ്പണിയുകയും നിലവിലുള്ള റോഡിന് സമാന്തരമായി പുതിയ റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുകയും ചെയ്യും.

പദ്ധതിയുടെ ആദ്യഘട്ടമായി ഭൂമി ഏറ്റെടുക്കാന്‍ 11.50 കോടി രൂപ അനുവദിച്ചിരുന്നു. ഇത് പിന്നീട് 94.40 കോടി രൂപയായി വര്‍ധിപ്പിച്ചു. തുടര്‍ന്ന് സിവില്‍ പ്രവൃത്തികള്‍, വൈദ്യുതി-ജല അതോറിറ്റികളുടെ യൂട്ടിലിറ്റി ഷിഫ്റ്റിങ്, റെയില്‍വേയിലേക്ക് നല്‍കേണ്ട തുക, ജി.എസ്.ടി എന്നിവ ഉള്‍പ്പെടുത്തുന്നതിനായി പദ്ധതിയുടെ ചെലവ് പുതുക്കി 150.46 കോടി രൂപയായി ഉയര്‍ത്തുകയായിരുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പുതുക്കിയ അനുമതി ലഭിച്ച സാഹചര്യത്തില്‍ സ്ഥലമെടുപ്പ് നടപടി ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000