‹

ഹോം കെയർ സേവനങ്ങൾ ആരംഭിച്ച് വടകര ബിഎംഎച്ച്

വടകര: വടകരയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് ആശുപത്രി സേവനങ്ങളുടെ തുടർച്ച വീടുകളിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹോം കെയർ സേവനത്തിന് തുടക്കമിട്ട് വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (ബിഎംഎച്ച്). പുതിയ സേവനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

വടകര മേഖലയിലെ ജനങ്ങൾക്ക് ആവശ്യമായ സമയത്ത് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കാൻ ഹോം കെയർ സേവനം സഹായകരമാകുമെന്ന് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ആരോഗ്യപരിചരണത്തിന്റെ ഭാഗമായി വീടുകളിലേക്ക് സേവനങ്ങൾ എത്തിക്കുന്ന ഇത്തരം സംരംഭങ്ങൾ സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹോം കെയർ സേവനം പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ ആരോഗ്യപിന്തുണ നൽകുന്നതിൽ പ്രധാന ചുവടുവയ്പ്പായിരിക്കുമെന്ന് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിധിൻ ആന്റണി അറിയിച്ചു.

ചടങ്ങിൽ ബി.എം.എച്ച് വടകര സീനിയർ ഓപ്പറേഷൻസ് മാനേജർ രേഷ്മ പി.ആർ, എമർജൻസി ലീഡ് കൺസൾട്ടന്റ് ഡോ. ഷമീൽ ഉസ്മാൻ മൊയ്തു, സീനിയർ കൺസൾട്ടന്റ് ജനറൽ മെഡിസിൻ ഡോ. നസീർ പി, സീനിയർ കൺസൾട്ടന്റ് ഡോ. ദിൽഷാദ് ബാബു, വടകര മുനിസിപാലിറ്റി കൗൺസിലർമാരായ മുഹമ്മദലി, ഫൈസൽ മാഷ്, ബിജുൽ കുമാർ, ചോറോട് ഗ്രാമപഞ്ചായത്ത് അംഗം രാകേഷ് കെ.ജി, ഹോം കെയർ എക്സിക്യൂട്ടീവ് സ്റ്റാഫ് സഫ്നാജ് എന്നിവർ സംസാരിച്ചു.

ആവശ്യമായ ആരോഗ്യപരിശോധനകൾ, മെഡിക്കൽ ഫോളോ-അപ്പ്, തുടർപരിചരണം തുടങ്ങിയ സേവനങ്ങൾ രോഗികളുടെ ആവശ്യാനുസരണം വീടുകളിൽ ലഭ്യമാക്കുന്നതിനാണ് ബി.എം.എച്ച് വടകര ഹോം കെയർ സർവീസ് ലക്ഷ്യമിടുന്നത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000