ഖാദി ഓണം മേള നറുക്കെടുപ്പ്
കോഴിക്കോട്: ഓണാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തിവരുന്ന ഓണം സമ്മാന പദ്ധതിയുടെ ജില്ലയിലെ ആദ്യ നറുക്കെടുപ്പ് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ സബ്കലക്ടർ എസ് ഗൗതംരാജ് നിർവഹിച്ചു. 338231 നമ്പർ കൂപ്പണിനാണ് ഈ ആഴ്ചയിലെ സമ്മാനം. 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് ആഴ്ചതോറും സമ്മാനമായി നൽകുന്നത്. കൂടാതെ സംസ്ഥാന തലത്തിൽ മെഗാ ബമ്പർ സമ്മാനമായി ടാറ്റ ടിയാഗോ കാർ, രണ്ടാം സമ്മാനം 14 സുസുക്കി ആക്സസ് സ്കൂട്ടറുകൾ, മൂന്നാം സമ്മാനമായി 5000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയും നൽകുന്നുണ്ട്.
കേരള സർക്കാരിൻ്റെ ജില്ലയിലെ അംഗീകൃത ഖാദി ഷോറൂമുകളായ കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമസൗഭാഗ്യ, ബാലുശ്ശേരി അറപ്പീടിക ഖാദി ഗ്രാമസൗഭാഗ്യ, വടകര പഴയ ബസ് സ്റ്റാൻഡ് ഖാദി ഗ്രാമസൗഭാഗ്യ, കൊയിലാണ്ടി ബസ്സ്റ്റാൻഡ് ബിൽഡിങ്ങിലെ ഖാദി ഗ്രാമസൗഭാഗ്യ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 25 വരെ ഖാദി ഓണം മേള ഉണ്ടാകും. മേള കാലയളവിൽ അവധിദിനങ്ങളിലും ഞായറാഴ്ചകളിലും ഷോറൂമുകൾ തുറക്കും.
ഖാദി കുപ്പാടം മുണ്ടുകൾ, ദോത്തികൾ, ഉന്നക്കിടക്കകൾ, റെഡിമെയ്‌ഡ് ഷർട്ടുകൾ, സിൽക്ക് സാരികൾ തുടങ്ങിയ ഖാദി വസ്ത്രങ്ങൾക്ക് പുറമെ തേൻ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, ചന്ദനതൈലം, ഹാൻഡ് മെയ്ഡ് സോപ്പുകൾ തുടങ്ങിയ ഗ്രാമ വ്യവസായ ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെയുള്ള പർച്ചേസിന് ക്രെഡിറ്റ് സൗകര്യവും ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വിലക്കിഴിവും ഉണ്ട്. ഓരോ 1000 രൂപയുടെ പർച്ചേസിനും സമ്മാന കൂപ്പണും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.