കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് ഘോഷയാത്ര ജനുവരി 2നു രാവിലെ 8ന് കോഴിക്കോട് മാനാഞ്ചിറ ഗവ. മോഡൽ എച്ച് എസ് എസ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങും. വൈകീട്ട് തൊടുപുഴയിൽ ആദ്യദിന യാത്ര അവസാനിക്കും. 3 ന് വീണ്ടും യാത്ര തുടങ്ങി ഇത്തവണത്തെ കലോത്സവ വേദിയായ കൊല്ലത്ത് എത്തിച്ചേരും.
യാത്ര ആരംഭിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന മേളയുടെ വർക്കിംഗ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എം കെ രാഘവൻ എംപി, മേയർ ബീനാ ഫിലിപ്പ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് തുടങ്ങിയ ജനപ്രതിനിധി കൾ ചടങ്ങിൽ പങ്കെടുക്കും.
കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ് കുമാർ കപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്രയായി ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ പൊലീസ് അകമ്പടിയോടെ എത്തിക്കും.
രാമനാട്ടുകര ഗണപത് എയുപി സ്കൂൾ ഗ്രൗണ്ടിൽ മലപ്പുറം ഡിഡിഇ കപ്പ് ഏറ്റുവാങ്ങും. ഓരോ ജില്ലാ അതിർത്തിയിലും അതാത് ഡിഡിഇമാർ ഏറ്റുവാങ്ങും.
കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് സ്വർണക്കപ്പ് ഘോഷയാത്രയായി കൊണ്ടുപോകുന്നത്. ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് വിവിധ വേദികളിലായാണ് കലോത്സവം.
സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് ഘോഷയാത്ര നാളെ

