ബഷീർക്കഎനിക്കാരായിരുന്നു ?

ജമാൽ കൊച്ചങ്ങാടി

വൈക്കം മുഹമ്മദ് ബഷീർ എന്ന കഥാ മാന്ത്രികൻ്റെ പേരിലുള്ള പുരസ്ക്കാരം
അദ്ദേഹം ജനിച്ചു വളർന്ന തലയോലപ്പറമ്പിലെ
അനുസ്മരണ വേദിയിൽ
പ്രശസ്ത ഗാനരചയിതാവ് ജയകുമാർ സാറിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ മനസ്സിൽ ഒരുപാട് ഓർമ്മകൾ ചിറകടിക്കുന്നുണ്ടായിരുന്നു.

കോഴിക്കോട് നഗരത്തിൽ ആദ്യമായി കാലുകുത്തിയ ദിവസം തന്നെ
ബേപ്പൂരിൽ പോയി പിതൃതുല്യനായ ബഷീർക്കയെ കണ്ട് അനുഗ്രഹം സ്വീകരിച്ചത്, തുടർന്ന് വൈലാലിൽ വീട്ടിൽ നിത്യ സന്ദർശകനും
കുടുംബ സുഹൃത്തുമാകുന്നതും …..
അങ്ങനെ എന്തെന്തനുഭവങ്ങൾ

വന്ദ്യ പിതാവിൻ്റെ സഹതടവുകാരനും
സഹ പത്രാധിപരും ആയി കൊച്ചിയിൽ അദ്ദേഹം കഴിഞ്ഞ കാലം

പോലീസിൻ്റെ നോട്ടപ്പുള്ളിയായപ്പോൾ
ബാപ്പയുടെ നിർദ്ദേശമനുസരിച്ച് നാടുവിട്ട ബഷീർക്ക പത്തുവർഷത്തോളം നടത്തിയ ഭാരതപര്യടനകഥകൾ……
അങ്ങനെ എന്തെല്ലാം!

എട്ടാം വയസ്സിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട എനിക്ക് അദ്ദേഹം പിതൃതുല്യനായ ഗുരുവായിരുന്നു.
പ്രതിസന്ധികളിൽ
ആ  മാംഗോസ്റ്റീൻ മരം എനിക്കും
ഒരു തണലായിരുന്നു

ജീവിതത്തിൽ തന്നെ ഏറ്റവും സങ്കടപ്പെടുത്തിയ
സംഭവം ഷാഹിനയുടെ ഭർത്താവായിരുന്ന ഹബീബിൻ്റെ മരണമായിരുന്നു
എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.

ആ രാത്രി കബറടക്കത്തിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങളെല്ലാം പോയപ്പോൾ
അദ്ദേഹത്തെ തനിച്ചാക്കി വീട്ടിലേയ്ക്ക്
പോകാൻ തോന്നിയില്ല.

അന്നുരാത്രി ഞങ്ങൾ അവിടെ തനിച്ചായി
” ജമാലിന്നറിയാവാ, ഞാൻ മരിക്കുന്നതിനേക്കാൾ വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത് “
ഇടറുന്ന ആ ശബ്ദം ഇപ്പോഴും
ഉള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു