ഏകാന്തതയുടെ വിസ്മയം

ഗ്രീന

ഓരോ സായാഹ്നവും  ഏകാന്തതയുടെ രൂപാന്തരങ്ങളാണ് .

ചില ദിവസങ്ങളിൽ അതിന് പൂന്തോട്ടത്തിന്റെ രൂപം;
മറ്റു ചിലപ്പോൾ കടൽത്തീരത്തിന്റെ.

ആരെയും കാത്തിരിക്കാത്ത വഴികൾക്ക്  ലക്ഷ്യസ്ഥാനങ്ങളുടെ പേരിടുന്നു.

ആരും വരാത്ത കവാടങ്ങളിൽ സ്വാഗത മരങ്ങൾ നട്ടുപിടിപ്പിക്കുന്നു.

വന്നുചേരാൻ ഇടയില്ലാത്ത കത്തുകൾക്ക് 
മറുപടികൾ എഴുതിക്കൊണ്ടേയിരിക്കുന്നു.

ആ വരികളൊക്കെയും എനിക്കുതന്നെ വായിക്കാനുള്ള രഹസ്യസന്ദേശങ്ങളായി
ത്തീരുന്നു.

വാതിലിൽ മുട്ടുന്ന കാറ്റ്, വെറുമൊരു കാറ്റല്ല;
കാലം തെറ്റിയെത്തിയ
ഏതോ സുഹൃത്തിന്റെ അന്വേഷണമാണ്.

മഴ പെയ്യുമ്പോൾ,
ഓരോ തുള്ളിയിലും
ഓരോ കഥയുണ്ട്.

നക്ഷത്രങ്ങൾ തെളിയുമ്പോൾ, അവ കേവലമായ വെളിച്ചമല്ല, ഏകാന്തത പങ്കുവെക്കാൻ ആകാശം കരുതിവെച്ച നിശ്ശബ്ദ സാന്നിധ്യങ്ങളാണ്

അങ്ങനെ ലോകം കാണാത്ത വിസ്മയങ്ങളുമായി
സൗഹൃദം സ്ഥാപിക്കുന്നു.

കാഴ്ചക്കാർക്ക്  വെറുമൊരു ഒറ്റയാളാവാം.
എന്നാൽ, പുറംലോകം കാണാത്ത രാത്രികളിൽ ഏകാന്തതയുടെ ആഴങ്ങളിൽ എന്തൊക്കെയോ  രൂപപ്പെടുകയാണ്.

ഒരുപക്ഷേ,
ലോകം ഉറങ്ങിക്കിടക്കുന്ന രാത്രികളിൽ
ഉറക്കം നഷ്ടപ്പെട്ട ഒരാൾ,
കാണാനാകാത്ത ദൂരങ്ങളെക്കുറിച്ച് വെറുതെ അത്ഭുതപ്പെടുന്ന ഒരാൾ,

ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ കൈവിടാതെ കൂട്ടിരിപ്പായി കൊണ്ടുനടന്ന ഒരാൾ,
സ്വന്തം ഉള്ളിലെ ശൂന്യതയോട് സംസാരിച്ചിരിക്കുകയാണ്.

അതുകൊണ്ടാവാം,
ആൾക്കൂട്ടങ്ങളുടെ കോലാഹലങ്ങളിൽ അല്ല, ഇരുണ്ട രാത്രികളിൽ
നിശ്ശബ്ദതയോട് ചോദ്യങ്ങൾ ചോദിക്കുന്ന  ഏകാന്തതയിലാണ് ലോകത്തിന്റെ  വെളിച്ചങ്ങളൊക്കെയും
വിരിഞ്ഞു വരുന്നത്.