കുടുംബശ്രീ ഓണം മേളകള്‍: നേടിയത് 3.15 കോടി രൂപയുടെ വിറ്റുവരവ്

പങ്കെടുത്തത് 4230 കുടുംബശ്രീ സംരംഭ യൂണിറ്റുകൾ

കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച വിവിധ ഓണം വിപണനമേളകള്‍ നേടിയത് മികച്ച വിറ്റുവരവ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച 148 മേളകളിലൂടെ ആകെ 3,15,07,517 രൂപയുടെ വിറ്റുവരവാണ് നേടിയത്. വിവിധ തദ്ദേശ സ്ഥാപനതലങ്ങളിലും കുടുംബശ്രി സംവിധാനത്തിന് കീഴിലുമായി നടന്ന മേളകളില്‍ 4,230 കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ പങ്കെടുത്തു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ ചെങ്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണം വിപണനമേളയില്‍ ആകെ 12,48,115 രൂപയുടെ വിറ്റുവരവുണ്ടായി. ഓണം ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സപ്ലൈകോ സംഘടിപ്പിച്ച മെഗാ മേളയോടനുബന്ധിച്ച് ഒരുക്കിയ കുടുംബശ്രീ ജില്ലാതല ഭക്ഷ്യമേളയില്‍ 5,38,150 രൂപയുടെ വിറ്റുവരവും നേടി. 

കുടുംബശ്രീ സി.ഡി.എസ്. സംവിധാനത്തിലൂടെ വിതരണം ചെയ്ത 4,230 ഓണക്കിറ്റുകളില്‍ നിന്ന് 22,41,500 രൂപയുടെ വിറ്റുവരവുണ്ടായി. ഓണം സദ്യയ്ക്കും കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകള്‍ക്കും മികച്ച വിപണി ലഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി ലഭിച്ച 4,021 ഓണസദ്യ ഓര്‍ഡറുകളിലൂടെ 10,06,000 രൂപയുടെ വിറ്റുവരവ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകള്‍ നേടി. ഓണക്കനിയുടെ ഭാഗമായി ജെഎല്‍ജി കര്‍ഷകരുടെ നേത്യത്വത്തില്‍ ഉത്പാദിപ്പിച്ച 30,527 കിലോ പച്ചക്കറികള്‍ വിപണിയിലെത്തിച്ച് ആകെ 29,18,705 രൂപയുടെ വിറ്റുവരവും നേടാനായി. നിറ പൊലിമയുടെ ഭാഗമായി നടത്തിയ നിറപൊലിമ പൂക്കൃഷിക്ക് ലഭിച്ചത് 4,98,898 രൂപയുടെ വിറ്റുവരവാണ്.

ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ക്ക് വിപണി ലഭ്യമാക്കുക, ഉല്‍പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുക, സംരംഭകരുടെ വരുമാനം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവിധ തലങ്ങളിലായി ഓണം വിപണന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സി.ഡി.എസുകള്‍, കുടുംബശ്രീ സംരംഭകര്‍, വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം വിപണന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000