ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായം
കോഴിക്കോട്: ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍ എന്നിവര്‍ക്ക് ന്യൂനപക്ഷക്ഷേമ വകുപ്പ് ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യില്‍ ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിക്കാം. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന് എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് 50,000 രൂപ ധനസഹായം നല്‍കും. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിനും അപേക്ഷകക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള/മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. നിര്‍ദിഷ്ട ഫോം മുഖേന അപേക്ഷിക്കണം. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂനികുതി അടച്ച രസീതിയുടെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ അപേക്ഷക്കൊപ്പം നല്‍കണം. വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ അപേക്ഷകക്ക് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍നിന്നുള്ള സാക്ഷ്യപത്രവും നല്‍കണം. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 10-നകം അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കലക്ടറേറ്റിലേക്ക് തപാല്‍ മുഖേനയോ അപേക്ഷിക്കാം. അപേക്ഷാ ഫോം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2300523, 24, 2302090. ഇ-മെയില്‍: director.mwd@gmail.com.
വിദ്യാഭ്യാസ ധനസഹായം: സമയപരിധി നീട്ടി
കേരളകര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അദ്ധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി 2026 സെപ്തംബര്‍ ആറ് വരെയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസില്‍ അപ്പീല്‍ അപേക്ഷ തിയ്യതി സെപ്തംബര്‍ 19 വരെയും നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വെറ്ററിനറി സര്ജന് നിയമനം
കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് പിജി-വെറ്റ്, യുജി-വെറ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനം വരെയോ പരമാവധി 89 ദിവസത്തേക്കോ താത്കാലികമായാണ് നിയമനം. പിജി വെറ്റ് യോഗ്യതകള്‍: വെറ്ററിനറി സയന്‍സില്‍(സര്‍ജറി) ബിരുദാനന്തര ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ വെറ്ററിനറി സയന്‍സില്‍ ബിരുദം (ടെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഫോര്‍ സര്‍ജറി ഫ്രം വേള്‍ഡ് വെറ്ററിനറി സയന്‍സസ്/തത്തുല്യ സര്‍ജറി പരിശീലനം ലഭിച്ചിരിക്കണം), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്.
യുജി-വെറ്റ് യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം (ടെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഫോര്‍ സര്‍ജറി ഫ്രം വേള്‍ഡ് വെറ്ററിനറി സയന്‍സസ്/തത്തുല്യ സര്‍ജറി പരിശീലനം ലഭിച്ചിരിക്കണം), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്. താത്പര്യമുള്ളവര്‍ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ) സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11.00 മണിയ്ക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0495 2768075.
ഹൈസ്കൂള്‍ ടീച്ചര്‍ അഭിമുഖം
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്ക്കൂള് ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (കാറ്റഗറി നം. 024/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒടിവി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം 2026 സെപ്റ്റംബര്‍ 09,10,11,23, 24,25 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും. പ്രസ്തുത അഭിമുഖത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയ അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന് ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും യഥാസമയം അഭിമുഖത്തിന് എത്തേണ്ടതാണ്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ-ഫോം (അപ്പെന്‍ഡിക്സ് -28) പിഎസ്സിയുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റര്‍വ്യൂ സമയത്ത് എത്തേണ്ടതാണ്. ഫോണ്‍: 0495 2371971.
സൈനികക്ഷേമം സാമ്പത്തിക സഹായം
സര്‍വീസ് പെന്ഷന് ലഭിക്കാത്ത വിമുക്തഭടന്മാര്/വിധവകള്‍ എന്നിവര്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേന വര്‍ഷത്തില്‍ ഒരു തവണ നല്കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ താഴെയുള്ള സര്‍വീസ് പെന്ഷന് ലഭിക്കാത്ത വിമുക്തഭടന്മാര്/വിധവകള്‍ എന്നിവര്‍ അസ്സല് വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോം ഡി ഡി -40, ഡിസ്ചാര്‍ജ് ബുക്ക്, വിമുക്തഭട/വിധവ തിരിച്ചറിയല്‍ കാര്‍ഡ് ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 24 ഒക്ടോബര്‍ 2026 നു മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. ഫോണ്‍: 0495 2771881.
പൊതുതെളിവെടുപ്പ്
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൊടിയത്തൂര്‍ വില്ലേജിലെ റീ സര്‍വ്വേ നമ്പര്‍ 172/1283, 172/1811 എന്നിവയില്‍ ഉള്‍പ്പെട്ട 0.6030 ഹെക്ടര്‍ സ്ഥലത്ത് അബ്ദുറഹിമാന് എന്നവരുടെ ഉടമസ്ഥതയിലുള്ള മര്‍വ ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നിര്‍ദ്ദിഷ്ട കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് കുന്ദമംഗലം രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ സീറ്റൊഴിവ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന് കോഴ്സില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ ഡെവലപ്മെന്റ് സെന്ററിലെത്തി പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 0495 2370026, 8891370026.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ കേരള എക്സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പില്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (ഒന്നാം എന്‍.സി.എ-എസ്.സി.സി.സി) (കാറ്റഗറി നം: 346/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 20.08.2026-ന് നിലവില്‍ വന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല പിഎസ്സി ഓഫീസര്‍ അറിയിച്ചു.