സഹകരണ സാധ്യതകള്‍ തേടി ബ്രസീലിലെ എംഎസ്ടി സംഘം യുഎല്‍സിസിഎസിൽ
കോഴിക്കോട്: ബ്രസീലിലെ ഭൂരഹിത ഗ്രാമീണ തൊഴിലാളി പ്രസ്ഥാനമായ എംഎസ്ടിയുടെ അന്താരാഷ്ട്ര വിഭാഗം മേധാവി ജൂഡിത്തെ ഡോസ് സാന്റോസ് നയിച്ച പ്രതിനിധിസംഘം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സന്ദര്‍ശിച്ചു. മുന്‍കൂട്ടി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മൂവിമെന്റോ ഡോസ് ട്രബല്ഹദോറെസ് റൂറൈസ് സെം ടെറ(എംഎസ്ടി)യുടെ സംഘം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. സമൂഹാധിഷ്ഠിത വികസനം, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങള്‍, സാംസ്കാരിക പൈതൃക സംരക്ഷണം, വിദ്യാഭ്യാസം, സുസ്ഥിര ഉപജീവന മാര്‍ഗങ്ങള്‍ എന്നിവയില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ തേടിയായിരുന്നു സന്ദര്‍ശനം.
യുഎല്‍സിസിഎസ് ആക്ടിംഗ് ചെയര്മാന് എം. എം. സുരേന്ദ്രന് പ്രതിനിധിസംഘത്തെ സ്വീകരിച്ചു. യുഎല്‍സിസിഎസ് ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടര്‍ ഷാജു എസുമായി പ്രതിനിധിസംഘം വിശദമായ ചര്‍ച്ചകള്‍ നടത്തി. നൂറുവര്‍ഷത്തിലേറെ നീണ്ട സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും വിവിധ മേഖലകളിലുുള്ള പ്രവര്‍ത്തന വൈവിധ്യവും പ്രതിനിധിസംഘം മനസിലാക്കി. തുടര്‍ന്ന് യുഎല്‍സിസിഎസ് സെന്റിനറി എല്‍.പി. സ്കൂള്‍ സന്ദര്‍ശിച്ച സംഘം സമൂഹകേന്ദ്രീകൃത വിദ്യാഭ്യാസത്തോടുള്ള സഹകരണ സ്ഥാപനത്തിന്റെ സമീപനവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനാധിഷ്ഠിതമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും പരിചയപ്പെട്ടു. തുടര്‍ന്ന് പ്രതിനിധിസംഘം ഇരിങ്ങലിലെ മടിത്തട്ട് സംരംഭവും സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും സന്ദര്‍ശിച്ചു. സമൂഹപങ്കാളിത്തം, കരകൗശല വിദഗ്ധര്‍ക്കുള്ള പിന്തുണാ സംവിധാനങ്ങള്‍, പരമ്പരാഗത കലാരൂപങ്ങള്‍, സുസ്ഥിര ഉപജീവന മാതൃകകള്‍ എന്നിവയെക്കുറിച്ചും സംഘം നേരിട്ട് മനസ്സിലാക്കി. പരമ്പരാഗത വിജ്ഞാനവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് കളരിപ്പയറ്റ് പ്രദര്‍ശനത്തോടെയാണ് പരിപാടി സമാപിച്ചത്.
വിജ്ഞാന കൈമാറ്റത്തിനായി ദീര്‍ഘകാല സഹകരണ ചട്ടക്കൂടുകള്‍ വികസിപ്പിക്കുക, സമൂഹാധിഷ്ഠിത ഉപജീവന-കരകൗശല മേഖലകളെ ശക്തിപ്പെടുത്തുക, വിദ്യാഭ്യാസവും സാംസ്കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിലും ബ്രസീലിലും എംഎസ്ടി-യും യുഎല്‍സിസിഎസും തമ്മിലുള്ള സഹകരണ സാധ്യതകള്‍ പരിശോധിക്കുക എന്നിവയായിരുന്നു ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍. സമൂഹ ശാക്തീകരണം, കൂട്ടായ പ്രവര്‍ത്തനം, സുസ്ഥിര വികസനം എന്നിവയില്‍ ശക്തമായ പ്രതിബദ്ധത പുലര്‍ത്തുന്ന രണ്ട് സംഘടനകള്‍ തമ്മില്‍ അര്‍ത്ഥവത്തായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി ഈ സന്ദര്‍ശനം മാറി. സഹകരണത്തിന്റെ തുടര്‍ച്ചയ്ക്കായി ബ്രസീല്‍ സംഘം യുഎല്‍സിസിയെ അവരുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.