എൻട്രൻസ് പരിശീലനത്തിന് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം


കോഴിക്കോട്: വിഷന്‍ പദ്ധതി പ്രകാരം എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികൾക്ക് പഠനത്തോടൊപ്പം മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ധനസഹായം നൽകുന്നു. പരിശീലനം നല്‍കുന്ന ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായമായി 10,000 രൂപ വീതമായി രണ്ട് വര്‍ഷത്തേക്ക് ആകെ 20,000 രൂപയാണ് നല്‍കുക. 2024-25 അദ്ധ്യയന വര്‍ഷം കോഴിക്കോട് ജില്ലയില്‍ ഈ രീതിയില്‍ പരിശീലനം ലഭിച്ചുവരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജാതി, വരുമാനം (വരുമാന പരിധി ആറ് ലക്ഷം രൂപ) എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ്, പ്ലസ് വണ്‍ കോഴ്‌സ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രസീതി, പഞ്ചായത്ത്/ബ്ലോക്ക് ഓഫീസില്‍ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 31 ന് വൈകീട്ട് അഞ്ചിനകം  അപേക്ഷ ലഭ്യമാക്കണം. ഫോണ്‍:  0495-2370379.

Leave a Reply

Your email address will not be published. Required fields are marked *