അധിക പാല്‍വിലയും കാലിത്തീറ്റ സബ്‌സിഡിയുമായി 17 കോടി

പുതു ചരിത്രം കുറിച്ച് മലബാര്‍ മില്‍മ

കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയും കാലിത്തീറ്റ സബ്‌സിഡിയുമായി അടുത്ത മൂന്നു മാസത്തിനുള്ളില്‍ 17കോടി രൂപ നല്‍കും. മലബാര്‍ മേഖല യൂണിയന്‍ ഭരണ സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. ലോക ക്ഷീര ദിനമായ ജൂണ്‍ ഒന്നു മുതല്‍ മൂന്ന് മാസക്കാലയളവില്‍ ആനന്ദ് മാതൃക ക്ഷീര സംഘങ്ങള്‍ വഴി സംഭരിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപയാണ് അധിക പാല്‍വിലയായി നല്‍കുക. ഈയിനത്തില്‍ 12കോടി രൂപ അടുത്ത മൂന്നു മാസം മലബാറിലെ ക്ഷീര കര്‍ഷകരിലേക്കെത്തും. ഓരോ പത്തു ദിവസവും പാല്‍വിലയോടൊപ്പം വര്‍ധിപ്പിച്ച അധിക പാല്‍വിലയും കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി ക്ഷീര സംഘങ്ങള്‍ക്ക് കൈമാറും. 45.95 രൂപയാണ് ഒരു ലിറ്റര്‍ പാലിന് നിലവില്‍ നല്‍കി വരുന്ന ശരാശരി വില അധിക പാല്‍വില കൂടി നല്‍കുന്നതോടെ ഇത് 47.95 രൂപയായി വര്‍ധിക്കും.

ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 250 രൂപ വീതവും ടിഎംആര്‍ കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 50 രൂപ വീതവും സബ്‌സിഡി നല്കും. ഈയിനത്തില്‍ അഞ്ച് കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. നിലവില്‍ 1420 രൂപ വിലയുള്ള മില്‍മ ഗോമതി കാലിത്തീറ്റ സബ്‌സിഡി കിഴിച്ച് 1170 രൂപയ്ക്കാണ് ലഭിക്കുക. 2019ല്‍ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയുടെ വില 1174 രൂപയായിരുന്നു. അതിനേക്കാളും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ നല്‍കാന്‍ പോകുന്നത്.

മലബാര്‍ മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന ക്ഷീര കര്‍ഷകരും 1200-ഓളം വരുന്ന ആനന്ദ മാതൃകാ ക്ഷീര സംഘങ്ങളും മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാണ്. പാലുൽപ്പാദനവും സംഭരണവും വര്‍ദ്ധിക്കുന്ന മഴക്കാലത്തും അധിക പാല്‍വിലയും കാലിത്തീറ്റ സബ്‌സിഡിയും നല്‍കി പുതുചരിത്രം സൃഷ്ടിക്കുകയാണ് മലബാര്‍മില്‍മ. പാലുത്പാദന ചെലവ് കുറച്ച് കര്‍ഷക ക്ഷേമം ഉറപ്പാക്കുക എന്നതാണ് ഇതു വഴി മലബാര്‍ മില്‍മ ലക്ഷ്യമാക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മാനേജിംഗ് ഡയറക്ടര്‍ കെ സി ജെയിംസ് എന്നിവര്‍ പറഞ്ഞു.