കോഴിക്കോട്: ഐലീഗിൽ നാളെ (മാർച്ച് 14) ഗോകുലം കേരള എഫ് സി ഐസ്വാൾ എഫ് സിയെ നേരിടുന്നു. രാത്രി 7 നു കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിലാണ് മത്സരം. 17 മത്സരങ്ങളിൽ നിന്ന് 21 പോയൻ്റുമായി 10-ാം സ്ഥാനത്താണ് ഐസ്വാൾ എഫ് സി. നിലവിൽ നാലാം സ്ഥാനത്തുള്ള ഗോകുലത്തിന് 19 കളികളിൽ നിന്ന് 33 പോയിന്റാണ് ഉള്ളത്. ലീഗിൽ അവസാനം കളിച്ച മൂന്നുമത്സരങ്ങളിൽ നിന്ന് ഗോകുലത്തിന് ഒരു പോയിന്റ് മാത്രമേ നേടാനായുള്ളു.
മറുവശത്ത് ഐസ്വാൾ എഫ് സിക്ക് അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു സമനില മാത്രമാണുള്ളത്. മുൻപ് ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോകുലത്തിനെതിരെ സമനില നേടാൻ ഐസ്വാളിന് സാധിച്ചിരുന്നു. വിജയിക്കാനായാൽ പോയിൻ്റ് പട്ടികയിൽ ഗോകുലത്തിന് നില മെച്ചപ്പെടുത്താനാകും. മത്സരം കാണാൻ സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാർത്ഥികൾക്ക് പ്രത്യേകം ടിക്കറ്റ് നിരക്കുണ്ട്. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ തത്സമയം കാണാം.

